Asianet News MalayalamAsianet News Malayalam

UAE Golden Visa | ബോളിവുഡ് താരം വരുണ്‍ ധവാന് യുഎഇ ഗോള്‍ഡന്‍ വിസ

ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, സോനു നിഗം, സഞ്ജയ് കപൂര്‍, ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരടക്കമുള്ള ബോളിവുഡ് താരങ്ങള്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

Bollywood actor Varun Dhawan received UAE golden visa
Author
Dubai - United Arab Emirates, First Published Nov 23, 2021, 8:44 PM IST

ദുബൈ: ബോളിവുഡ് (Bollywood)താരം വരുണ്‍ ധവാന്‍(Varun Dhawan) യുഎഇ ഗോള്‍ഡന്‍ വിസ(UAE Golden Visa) ഏറ്റുവാങ്ങി. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് വരുണ്‍ ധവാന്‍ പ്രതികരിച്ചു. ബോളിവുഡില്‍ നിന്നും മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, സോനു നിഗം, സഞ്ജയ് കപൂര്‍, ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരടക്കമുള്ള ബോളിവുഡ് താരങ്ങള്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര,  എം ജി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ഗോള്‍ഡന്‍ വിസ. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. 

ദുബൈയില്‍ മാത്രം ഗോള്‍ഡന്‍ വിസ അനുവദിച്ചത് 44,000 പ്രവാസികള്‍ക്ക്

ദുബൈ: ദുബൈ എമിറേറ്റില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ യുഎഇയിലെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ  സ്വന്തമാക്കിയതായി കണക്കുകള്‍. 2019ല്‍  ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും അവരെ രാജ്യത്തുതന്നെ നിലനിര്‍ത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനിയോജ്യമായ രാജ്യമായി യുഎഇയെ മാറ്റാനും ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്.

തുടക്കത്തില്‍ പത്ത് വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍, കാലാവധി കഴിയുന്ന മുറയ്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകര്‍, മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ക്ക് ഇതിന് യോഗ്യത ലഭിക്കുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘൂകരിച്ചു.

മാനേജര്‍മാര്‍, സിഇഒമാര്‍, ശാസ്‍ത്രം, എഞ്ചിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്‍ മാനേജ്‍മെന്റ്, 
ടെക്നോളജി എന്നീ രംഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ അനുവദിക്കും. ഒപ്പം വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ഗോള്‍ഡന്‍ വിസയ്‍ക്ക് അപേക്ഷിക്കാം.

 


 

Follow Us:
Download App:
  • android
  • ios