കെട്ടിടത്തിന് മുന്നില്‍ കണ്ട ബാഗില്‍ ബോംബ് ആകാമെന്ന സംശയത്തെത്തുടര്‍ന്ന് രാത്രി 9.50നാണ് പരിസരവാസികള്‍ പൊലീസിനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ വന്‍ പൊലീസ് സന്നാഹം പ്രദേശത്തു  നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബാങ്കിന് സമീപത്തുള്ള റോഡുകളിലൂടെയുള്ള ഗതാഗതവും തടഞ്ഞു. 

ഷാര്‍ജ: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബ്രീഫ്‍കേസില്‍ ബോംബാണന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. അല്‍ മഹത്തയില്‍ കിങ് അബ്ദുല്‍ അസീസ് റോഡിലുള്ള ദുബായ് കൊമേഴ്‍സ്യല്‍ ബാങ്ക് കെട്ടിടത്തിന് സമീപത്താണ് ഞായറാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിടത്തിന് മുന്നില്‍ കണ്ട ബാഗില്‍ ബോംബ് ആകാമെന്ന സംശയത്തെ തുടര്‍ന്ന് രാത്രി 9.50 നാണ് പരിസരവാസികള്‍ പൊലീസിനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബാങ്കിന് സമീപത്തുള്ള റോഡുകളിലൂടെയുള്ള ഗതാഗതവും തടഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ എക്സ്‍പ്ലോസീവ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗങ്ങളും സിവില്‍ ഡിഫന്‍സ് അധികൃതരും ചേര്‍ന്നാണ് ബ്രീഫ്‍കേസ് പരിശോധിച്ചു. ബാഗിനുള്ളില്‍ അപകടകരമായി ഒന്നുമില്ലെന്ന് കണ്ടെത്തിയതോടെയാണ് പ്രദേശവാസികള്‍ക്ക് ആശ്വാസമായത്.

കുറച്ച് പുസ്തകങ്ങളും മറ്റ് കടലാസുകളും ചില സ്വകാര്യ വസ്തുക്കളും മാത്രമാണ് ബ്രീഫ്‍കേസിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ബാങ്ക് കെട്ടിടത്തിന് പുറത്ത് ആരോ ഇത് മറന്നുവെച്ച് പോയതാകാമെന്നാണ് നിഗമനം. അതേസമയം വന്‍ പൊലീസ് സന്നാഹത്തെ കണ്ട് പരിഭ്രാന്തരായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് മാറി നില്‍ക്കണമെന്നുകൂടി പൊലീസ് പറഞ്ഞോടെ ആശങ്ക ഇരട്ടിയായി. രാവിലെ മുതല്‍ ബ്രീഫ്‍കേസ് അവിടെയുണ്ടായിരുന്നുവെന്നും വൈകുന്നേരമായിട്ടും ആരും എടുത്തുകൊണ്ട് പോകാതിരുന്നത് കണ്ടപ്പോള്‍ പരിഭ്രാന്തരായി പൊലീസിനെ അറിയിച്ചതാണെന്നും പരിസരവാസികള്‍ പറഞ്ഞു.

കടപ്പാട്: ഖലീജ് ടൈംസ്