നാളെ മുതലുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ദുബായ്: ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ പുനഃരാരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസാണ് വ്യാഴാഴ്ച രാത്രിയോടെ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. നാളെ മുതലുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി പോകുന്ന വിമാനങ്ങളിലാണ് ഇവിടെ നിന്നുള്ള പ്രവാസികള്‍ക്ക് യാത്രയ്ക്ക് അവസരമുള്ളത്. നേരത്തെ 15 ദിവസത്തേക്ക് ഇത്തരത്തില്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ഇന്ത്യയും - യുഎഇയും തമ്മില്‍ ധാരണയായിരുന്നു. ഇതനുസരിച്ച് എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും പുറമെ യുഎഇയിലെ വിമാക്കമ്പനികളും ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികളും സര്‍വീസുകളും നടത്തിയിരുന്നു. 15 ദിവസത്തെ സമയപരിധി 26ന് അവസാനിച്ചതോടെ സര്‍വീസുകളും നിലച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരമുള്ള സര്‍വീസുകള്‍ തുടരുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിക്കാതയതോടെ മടങ്ങാന്‍ കാത്തിരുന്ന പ്രവാസികളും പ്രതിസന്ധിയിലായി. ഇതിനിടെയാണ് ആശ്വാസം പകര്‍ന്ന് നാളെ മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന അറിയിപ്പ്.
യുഎഇയിലെ താമസ വിസയുള്ളവരില്‍ ഐ.സി.എയുടെയോ യുഎഇ താമസകാര്യ വകുപ്പിന്റെയോ പ്രത്യേക അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് വിമാന ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യാന്‍ അവസരം. സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടും ഹാജരാക്കണം. കാലാവധി കഴിഞ്ഞ അനുമതികളുമായി യാത്ര ചെയ്യാന്‍ ശ്രമിക്കരുതെന്നും അത്തരം യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അനുമതിയുടെ കാലാവധി കഴിഞ്ഞവര്‍ വീണ്ടും അപേക്ഷിക്കണം.
പാസ്‍പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ യാത്ര ചെയ്യാനാവൂ. ടിക്കറ്റുകള്‍ ബുക്ക് ചെയ്താല്‍ അവ റദ്ദാക്കാനുമാവില്ല. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ റിപ്പോര്‍ട്ടുകളാണ് സ്വീകരിക്കപ്പെടുക. റിപ്പോര്‍ട്ടിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ് ഹാജരാക്കണം. 12 വയസില്‍ താഴെയുള്ളവര്‍ക്ക് അബുദാബിയിലേക്കും ഷാര്‍ജയിലേക്കും പോകാന്‍ ഇപ്പോള്‍ കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല. ദുബായിലേക്ക് ഓഗസ്റ്റ് ഒന്ന് മുതലും 12 വയസില്‍ താഴെയുള്ളവര്‍ക്ക് കൊവിഡ് പരിശോധനാ ഫലം ആവശ്യമുണ്ടാകില്ല.
