ദുബൈ: യുഎഇയിലേക്കുള്ള മടക്കയാത്രക്കിടെ പ്രമുഖ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്സ്ചേഞ്ചിന്റെയും സ്ഥാപകനുമായ ബി ആര്‍ ഷെട്ടിയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. ഇത്തിഹാദ് വിമാനത്തില്‍ യുഎഇയില്‍ എത്താനുള്ള ശ്രമത്തിനിടെയാണ് ഷെട്ടിയെ ശനിയാഴ്ച രാവിലെ ഇമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ തടഞ്ഞത്.

ഇന്ത്യയില്‍ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന് ഷെട്ടിക്കെതിരായി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് ഇമിഗ്രേഷന്‍ വിഭാഗം അദ്ദേഹത്തെ യുഎഇയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് തടഞ്ഞതെന്നാണ് വിവരം. എന്നാല്‍ ഷെട്ടിക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയെ യാത്ര ചെയ്യാന്‍ അനുവദിച്ചതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ബി ആര്‍ ഷെട്ടി യുഎഇയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു.

സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ വായ്പ നല്‍കിയ ബാങ്കുകള്‍ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. നിലവില്‍ സ്ഥാപനങ്ങളുടെ ആസ്‍തികള്‍ വിറ്റ് ബാങ്കുകളുടെ നഷ്ടം നികത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ സഹോദരന്റെ അസുഖം കാരണമാണ് ഫെബ്രുവരിയില്‍ നാട്ടിലേക്ക് വന്നതെന്ന് ബി.ആര്‍ ഷെട്ടിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചില്‍ സഹോദരന്‍ മരണപ്പെട്ടു. പിന്നീട് കൊവിഡ് കാരണം അന്താരാഷ്ട്ര യാത്രകള്‍ പ്രതിസന്ധിയിലായത് മാത്രമാണ് പ്രശ്‍നം. എന്‍.എം.സി ഹെല്‍ത്ത്കെയര്‍, ഫിനാബ്ലര്‍, തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചില സ്വകാര്യ കമ്പനികള്‍ എന്നിവയില്‍ നടന്ന തട്ടിപ്പുകളെക്കുറിച്ച് താന്‍  ഇന്ത്യയിലായിരുന്ന സമയത്ത് അന്വേഷിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

തട്ടിപ്പുകള്‍ നടത്തിയെന്ന് സംശയിക്കപ്പെടുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മുമ്പ് വ്യക്തമാക്കിയിട്ടുള്ളത് പോലെ യുഎഇയിലേക്ക് മടങ്ങിവരാന്‍ താന്‍ തയ്യാറെടുക്കുകയാണ്.  പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് യുഎഇ അധികൃതര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും പിന്തുണ നല്‍കുമെന്ന് ഷെട്ടി അറിയിച്ചിരുന്നു.