ലണ്ടന്‍: വീട്ടുജോലിക്കാരെ തേടി ബ്രിട്ടീഷ് രാജകുടുംബം. റോയല്‍ ഹൗസ്‌ഹോള്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റിലാണ് വീട്ടുജോലിക്ക് അനുയോജ്യമായ ആളെ അന്വേഷിച്ച് അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലെവല്‍ 2 അപ്രന്റിസ്ഷിപ്പ് ജോലിക്കാണ് ഒഴിവുള്ളത്. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് 18.5 ലക്ഷം രൂപയാണ് തുടക്കത്തില്‍ ശമ്പള പാക്കേജായി ലഭിക്കുക. ജോലിക്കായി തെരഞ്ഞെടുക്കുന്നവര്‍ കൊട്ടാരത്തില്‍ തന്നെ താമസിക്കണം. വിന്‍ഡ്‌സര്‍ കാസിലിലാണ് ജോലി. എങ്കിലും ബക്കിങ്ഹാം കൊട്ടാരത്തിലും ജോലിക്കായി പോകേണ്ടി വരും. ജോലിക്കെത്തുന്നവര്‍ക്ക് ആദ്യ 13 മാസം പരിശീലനം നല്‍കും. പിന്നീട് മുഴുവന്‍ സമയ ജോലിക്കാരായി നിയമിക്കും. 

കൊട്ടാരം വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് പ്രധാന ജോലി. ജോലിക്ക് യോഗ്യരാകുന്നവര്‍ക്ക് തുടക്ക ശമ്പളമായി 19,140.09  പൗണ്ട് അതായത് 18.5 ലക്ഷം ഇന്ത്യന്‍ രൂപ ലഭിക്കും. ഒരു വര്‍ഷത്തില്‍ 33 ദിവസം അവധിയും മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യതയുണ്ടായിരിക്കണം. ഇല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പരിശീലന സമയത്ത് ഇത് നേടിയെടുക്കാനും അവസരമുണ്ട്. വീട്ടുജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന നൽകും. ജോലിക്കാര്‍ക്ക് കൊട്ടാരത്തിലെ ടെന്നീസ് കോര്‍ട്ട്, നീന്തല്‍കുളം മറ്റ് സൗകര്യങ്ങള്‍ എന്നിവയും ഉപയോഗിക്കാം.