ഷാര്‍ജ: ഷാര്‍ജ--ഘോര്‍ഫുക്കാന്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ 21ഉം 24ഉം വയസുള്ള സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ഇവരുടെ ബന്ധുവിന് ഗുരുതര പരിക്കേറ്റു. അമിത വേഗത്തിലായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തില്‍ കലാശിച്ചത്.

മരിച്ചവരും പരിക്കേറ്റവരും സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. മരിച്ച സഹോദരങ്ങളിലൊരാളായിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിത വേഗത കാരണം നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, പലതവണ തലകീഴായി മറിയുകയായിരുന്നു. തലയ്ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലുമുണ്ടായ ഗുരുതര പരിക്കുകള്‍ കാരണം രണ്ട് പേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ ബന്ധുവിനെ അല്‍ ദാഇദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് മൃതദേഹങ്ങളും അല്‍ ദാഇദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.