തൃശ്ശൂര്‍ നാട്ടികക്കാരനായ എംഎ യൂസഫലി തൊണ്ണൂറുകളില്‍ ദുബായില്‍ ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വിവിധ രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് ഇരുന്നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റില്‍ എത്തിയിരിക്കുകയാണ്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ഇരുന്നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അറബ് രാജ്യത്തിന്റെ ആദരവ്.

ദുബൈ: മലയാളിയുടെ നേട്ടത്തിന് യുഎഇയുടെ ആദരവ്. ലുലു ഗ്രൂപ്പിന്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആദരവായി ബുര്‍ജ് ഖലീഫയില്‍ അഭിനന്ദന സന്ദേശം തെളിഞ്ഞു. ബുര്‍ജ് ഖലീഫയില്‍ ലുലുവിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി പ്രകാശിച്ചപ്പോള്‍ അത് ലോകമലയാളികള്‍ക്ക് അഭിമാന നിമിഷമായി.

തൃശ്ശൂര്‍ നാട്ടികക്കാരനായ എംഎ യൂസഫലി തൊണ്ണൂറുകളില്‍ ദുബായില്‍ ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വിവിധ രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് ഇരുന്നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റില്‍ എത്തിയിരിക്കുകയാണ്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ഇരുന്നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അറബ് രാജ്യത്തിന്റെ ആദരവ്. പല നിറങ്ങളിലുള്ള ലുലു ലോഗോ ബുര്‍ജ് ഖലീഫയില്‍ പ്രതിഫലിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ദശലക്ഷക്കണക്കിനുപേരാണ് ചടങ്ങിന് സാക്ഷിയായത്. 58,000ത്തോളം ജീവനക്കാര്‍ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ 27,000ലധികം പേരും മലയാളികളാണ്. അതുകൊണ്ട് ഈ ആദരവ് ലോക മലയാളികള്‍ക്കുകൂടി അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്

ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് വേണ്ട പിന്തുണ നല്‍കിയ യുഎഇ ഭരണാധികാരികള്‍ക്കും ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നന്ദി അറിയിച്ചു. ബുര്‍ജ് ഖലീഫയില്‍ ലുലുവിന്റെ പേര് തെളിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു.