ദുബായ്: കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ ലോകം പ്രയത്‌നിക്കുമ്പോള്‍ വിശപ്പകറ്റാന്‍ നൂതന പദ്ധതിയുമായി യുഎഇ. വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കൂറ്റന്‍ സംഭാവനപ്പെട്ടിയാകാന്‍ ഒരുങ്ങി ബുര്‍ജ് ഖലീഫ. 

ഒരു ഭക്ഷണപ്പൊതിയുടെ വിലയായ പത്തുദിര്‍ഹം സംഭാവന നല്‍കുമ്പോള്‍ ബുര്‍ജ് ഖലീഫയിലെ എല്‍ഇഡി ബള്‍ബ് പ്രകാശിപ്പിക്കുന്ന പുതിയ ആശയത്തിനാണ് തുടക്കമായത്. റമദാനില്‍ യുഎഇ പ്രഖ്യാപിച്ച ഒരു കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന പദ്ധതിയോട് സഹകരിച്ചാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവും ബുര്‍ജ് ഖലീഫയും ഈ ആശയത്തിന് തുടക്കം കുറിച്ചത്. www.tallestdonationbox.com എന്ന വെബ്‌സൈറ്റ് വഴിയാണ് സംഭവാനകള്‍ നല്‍കേണ്ടത്. നല്‍കുന്ന സംഭാവന അനുസരിച്ച് തെളിയുന്ന ലൈറ്റുകള്‍(പിക്‌സെല്‍) വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാം.

828 മീറ്റര്‍ (2717)അടി ഉയരമുള്ള ബുര്‍ജ് ഖലീഫയില്‍ ആകെ 12 ലക്ഷം എല്‍ഇഡി ലൈറ്റുകളാണുള്ളത്. പദ്ധതി തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളില്‍ ഒന്നേമുക്കാന്‍ ലക്ഷത്തിലധികം ഭക്ഷണപ്പൊതികള്‍ക്കുള്ള സംഭാവനയാണ് ലഭിച്ചത്.