അബുദാബി: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അബുദാബിയില്‍ അപകടത്തില്‍പെട്ടു. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടമെന്ന് അബുദാബി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

52 തീര്‍ത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ നിന്ന് ഒമാനിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഹൈവേയിലെ ബാരിയറിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടം നടന്ന ഉടന്‍തന്നെ പൊലീസ് സംഘം സ്ഥലത്തെത്തിയെന്നും തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും താമസ സൗകര്യവും ഏര്‍പ്പെടുത്തിയെന്നും ട്രാഫിക് പൊലീസ് ഡയറക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് ഒമാനിലേക്ക് മടങ്ങാനുള്ള സംവിധാനവും പൊലീസ് ഏര്‍പ്പെടുത്തി. ദീര്‍ഘദൂര യാത്രകളില്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിയമങ്ങളും വേഗപരിധിയും കര്‍ശനമായി പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

ജൂണ്‍ ആറിന് ഒമാനിന്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസ് ദുബായില്ഡ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തില്‍ പെട്ടിരുന്നു. 30യാത്രക്കാരാണ് അന്ന് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ചിരുന്ന ബാരിയറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 പേരാണ് അന്ന് മരണപ്പെട്ടത്. ഇവരില്‍ എട്ടുപേര്‍ മലയാളികളായിരുന്നു.