ദുബായ്: പാരമ്പര്യം വിളിച്ചോതി നോമ്പ് തുറക്കുന്ന സമയത്ത് ദുബായില്‍ ഇപ്പോഴും പീരങ്കി വെടികള്‍ മുഴങ്ങുന്നു. ദുബായ് പോലീസിന്‍റെ നേതൃത്വത്തിലാണ് ഈ വെടിപൊട്ടിക്കല്‍. ആധുനിക കാലഘട്ടത്തിലും പാരമ്പര്യം, കൈവിടാതെ പിന്തുടരുകയാണിവിടെ. പതിറ്റാണ്ടുകളായുള്ള ഈ ആചാരം ഇപ്പോള്‍ തുടരുന്നത് ദുബായ് പോലീസിന്‍റെ മേല്‍നോട്ടത്തിലാണ്. ദുബായിലെ അഞ്ച് സ്ഥലങ്ങളിലാണ് ഇങ്ങനെ നോമ്പ് തുറ സമയം അറിയിച്ച്എല്ലാ ദിവസവും വെടിപൊട്ടിക്കുന്നത്.

ദേര, അല്‍ സഫ പാര്‍ക്ക്, കരാമ, ജുമേറ ബീച്ച് റസിഡന്‍സ്, ബുര്‍ജ് ഖലീഫ എന്നിവിടങ്ങളിലാണ് നോമ്പ് കാലത്ത് പീരങ്കി ഒച്ച മുഴങ്ങുന്നത്. ഓരോ സ്ഥലത്തും നാല് പോലീസുകാര്‍ വീതമാണ് വെടിപൊട്ടിക്കാന്‍ ഡ്യൂട്ടിയില്‍ ഉണ്ടാവുക. ബ്രിട്ടീഷ് നിര്‍മ്മിത 25 എല്‍.ബി.എസ് മോഡല്‍ പീരങ്കിയാണ് ഉപയോഗിക്കുന്നത്. 1960 കളില്‍ തുടങ്ങിയ ആചാരമാണ് ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നത്. ഈ പീരങ്കിയില്‍ നിന്നുള്ള വെടിയൊച്ച പത്ത് കിലോമീറ്റര്‍ ദൂരെ വരെ കേള്‍ക്കാനാകും.