വൊളന്റിയർ ഗ്രൂപ് ഇതു വരെ സിഡിഎയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. അക്കാഫ് അസോസിയേഷന്‍ എന്ന പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കോളജുകളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ യുഎഇയിലെ കൂട്ടായ്മയായി സിഡിഎയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

ദുബൈ: ഓള്‍ കേരള കോളജസ് അലൂംനി ഫോറം (അക്കാഫ്) (AKCAF)വൊളന്റിയർ ഗ്രൂപ്പിന് ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) (Dubai Community Development Authority) അംഗീകാരം. ഇനി മുതൽ അക്കാഫ് അസോസിയേഷൻ എന്നാണ് അറിയപ്പെടുക.വൊളൻറിയർ ഗ്രൂപ്പായി നാലു വര്‍ഷമായി രാജ്യത്ത് നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണിതെന്ന് പ്രസിഡന്റ് പോള്‍ ടി.ജോസഫും ജന.സെക്രട്ടറി എം.എസ്. ദീപുവും പറഞ്ഞു.

വൊളന്റിയർ ഗ്രൂപ് ഇതു വരെ സിഡിഎയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. അക്കാഫ് അസോസിയേഷന്‍ എന്ന പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കോളജുകളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ യുഎഇയിലെ കൂട്ടായ്മയായി സിഡിഎയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അക്കാഫ് അസോസിയേഷന്റെ പുതിയ ഓഫിസ് കഴിഞ്ഞ ദിവസം ഖിസൈസ് അല്‍നഹ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

സിഡിഎ അംഗീകരിച്ച ഭരണഘടന പ്രകാരം ഭരണസമിതിക്ക് രണ്ടു വര്‍ഷത്തെ കാലാവധിയുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെട്ട 10 പേരടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ ചേര്‍ന്നതാണ് ഭരണ സമിതി. ഡയറക്ടര്‍ ബോര്‍ഡിലെ രണ്ടു പേര്‍ സ്വദേശികളാണ്. അക്കാഫ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് പോള്‍ ടി.ജോസഫ് ആണ്. വൈസ് പ്രസിഡന്റ് വെങ്കിട്ട് മോഹനും ജന.സെക്രട്ടറി എ.എസ്. ദീപുവും ട്രഷറര്‍ നൗഷാദ് മുഹമ്മദുമാണ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഖാലിദ് നവാബ് ദാദ് കോഡാ, ഷഹീന്‍ ദാഹി ഷാംസി ജഹി അല്‍ ബലൂഷി, മുഹമ്മദ് റഫീഖ് പട്ടേല്‍, ഷൈന്‍ ചന്ദ്രസേനന്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, സാനു മാത്യു എന്നിവർ. അക്കാഫ് അസോസിയേഷന്റെ ആദ്യ പരിപാടി 'ഗേറ്റ് ഇന്ത്യാ റണ്‍' 2022 ജനുവരി 28ന് മംസാറില്‍ നടക്കും. നിരവധി പരിപാടികളും സംരംഭങ്ങളും നടപ്പാക്കും. 500 ദിര്‍ഹമാണ് വാര്‍ഷിക അംഗത്വ ഫീസ്.

2019 മുതല്‍ യുഎഇയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ അപെക്‌സ് ബോഡിയാണ് അക്കാഫ്. എല്ലാ സംഘടനകളുടെയും പ്രവര്‍ത്തനം സിഡിഎ 2013ല്‍ നിയന്ത്രിച്ചതു പോലെ അക്കാഫിന്റെ പ്രവര്‍ത്തനവും 2013ല്‍ നിരോധിക്കുകയുണ്ടായി. എന്നാല്‍, സിഡിഎക്ക് കീഴില്‍ ഒരു വൊളന്റിയർ ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ 2017ല്‍ അനുവാദം ലഭിച്ചു. തുടര്‍ന്ന്, വിവിധ മേഖലകളില്‍ എണ്ണമറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു. കോവിഡ് 19 തീവ്രമായ സമയങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനും മുന്നില്‍ നിന്നു. അസോസിയേഷനായി ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരം ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണെന്നും ഭരവാഹികള്‍ അവകാശപ്പെട്ടു.

സിഡിഎ ഉദ്യോഗസ്ഥന്‍ അഹ്മദ് അല്‍ സആബിയുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പോള്‍ ടി.ജോസഫിനൊപ്പം, വെങ്കിട്ട് മോഹന്‍, എ.എസ്. ദീപു, നൗഷാദ് മുഹമ്മദ്, ഖാലിദ് നവാബ് ദാദ് കോഡാ, ഷഹീന്‍ ദാഹി ഷാംസി ജഹി അല്‍ ബലൂഷി, മുഹമ്മദ് റഫീഖ് പട്ടേല്‍, ഷൈന്‍ ചന്ദ്രസേനന്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, സാനു മാത്യു എന്നിവര്‍ സംബന്ധിച്ചു.