Asianet News MalayalamAsianet News Malayalam

Gulf News | പ്രവാസികളുടെ തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കും

സാങ്കേതികവും പ്രത്യേക കഴിവുകൾ ആവശ്യമായതുമായ മേഖലകളിലെ തൊഴിലുകള്‍ക്ക് സൗദി അറേബ്യയിലേക്ക് പോകുന്നവര്‍ക്കുള്ള യോഗ്യതാ പരീക്ഷയ്ക്ക് ഇനി വിദേശത്തും കേന്ദ്രങ്ങള്‍

centres to be allotted in other countries for saudi expats skill test
Author
Riyadh Saudi Arabia, First Published Nov 20, 2021, 5:42 PM IST

റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് നിർബന്ധമായ തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷൻ കമ്മിറ്റിക്ക് അനുമതി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗ്യതാ പരീക്ഷ വിജയിക്കാത്തവർക്ക് സൗദിയിൽ ജോലി ചെയ്യാനാകില്ല. 

സാങ്കേതികവും പ്രത്യേക കഴിവുകൾ ആവശ്യമായതുമായ മേഖലയിലാണ് സൗദി തൊഴിൽ യോഗ്യതാ പരീക്ഷ തുടങ്ങിയത്. വിദേശത്ത് നിന്നുള്ളവർക്ക് അവരവരുടെ രാജ്യത്ത് തന്നെ പരീക്ഷാ കേന്ദ്രമുണ്ടാകും. ഇത് അനുവദിക്കുന്നതിനുളള സ്ഥിരം അക്രഡിറ്റേഷൻ കമ്മിറ്റിക്കാണ് മന്ത്രിസഭയുടെ അനുമതി. ഈ കമ്മിറ്റിയാകും ഓരോ രാജ്യത്തും വേണ്ട പരീക്ഷാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുക. വിസ ലഭിക്കാൻ ഈ പരീക്ഷ പാസാകേണ്ടി വരും. 

നിലവിൽ സൗദിയിലുള്ളവർക്കാണ് ഈ പരീക്ഷ. ഓൺലൈനായും പ്രാക്ടിക്കലായും പരീക്ഷയുണ്ടാകും. ഇത് പാസാകുന്നവർക്കേ ജോലിയിൽ തുടരാനാകൂ. മൂന്ന് തവണയാണ് അവസരമുണ്ടാവുക. ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്‌നിക്കൽ ആന്റ് വൊക്കേഷണൽ ട്രെയിനിങ്ങിന്റെ മേൽനോട്ടത്തിലാണ് പരീക്ഷ. ആറിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരീക്ഷ നവംബർ മൂന്നിന് തുടങ്ങിയിരുന്നു. 

ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നടപ്പാക്കും. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, മെക്കാനിക്, ഐ.ടി, ടെക്‌നീഷ്യൻ, കലാകാരന്മാർ തുടങ്ങി ആയിരത്തിലേറെ തസ്തികകൾക്ക് പരീക്ഷ ബാധകമാണ്.

Follow Us:
Download App:
  • android
  • ios