Asianet News MalayalamAsianet News Malayalam

യുഎഇയില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വ്വീസ് തുടങ്ങി; പ്രതീക്ഷയോടെ പ്രവാസി മലയാളികള്‍‍

മൂന്ന് ദിവസങ്ങള്‍ക്കിടെ ഒമ്പത് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ 1568 പേരെ ഇന്ത്യയിലെത്തിച്ചതായി യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

Chartered India flights started operations for the repatriation of expats
Author
Abu Dhabi - United Arab Emirates, First Published May 30, 2020, 3:31 PM IST

ദുബായ്: ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയതോടെ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ പ്രതീക്ഷയില്‍. ചാര്‍ട്ടര്‍ വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കി വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വ്വീസ് തുടങ്ങി. മൂന്ന് ദിവസങ്ങള്‍ക്കിടെ ഒമ്പത് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ 1568 പേരെ ഇന്ത്യയിലെത്തിച്ചതായി യുഎഇയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. അഹമ്മദാബാദ്, അമൃത്സര്‍, വാരണാസി, എന്നിവിടങ്ങളിലേക്ക് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ 564 പേരാണ് യാത്ര ചെയ്തത്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചതോടെ യുഎഇയിലെ മലയാളികളും നാട്ടിലെത്താനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

അതേസമയം ചാര്‍ട്ടര്‍ വിമാനത്തിന് ഇന്ത്യ അനുമതി നല്‍കിയതോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസികള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനാകൂ. വിമാനം ഏര്‍പ്പെടുത്തുന്ന സംഘടനകള്‍ യാത്രക്കാരുടെ പേരുവിവരം കോണ്‍സുലേറ്റില്‍ നല്‍കണം. കോണ്‍സുലേറ്റില്‍ നിന്നോ എംബസിയില്‍ നിന്നോ അറിയിപ്പ് കിട്ടാതെ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

ഏഴുദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. ഈ അപേക്ഷയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയും സംഘാടകര്‍ വാങ്ങണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ഫ്‌ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും നേടണം എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളാണ് കോണ്‍സുലേറ്റ് പുറത്തിറക്കിയത്. അനുമതി ലഭിക്കുന്ന വിവരം കോണ്‍സുലേറ്റിന്റെയോ എംബസിയുടെയോ സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പണം നല്‍കാവൂ എന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. നാട്ടില്‍ ക്വാറന്റീനുള്ള ചെലവ് ഉള്‍പ്പടെയായിരിക്കും ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് നിരക്ക് വിമാനം ചാര്‍ട്ട് ചെയ്യുന്ന സംഘാടകര്‍ക്ക് നിശ്ചയിക്കാം. 

Follow Us:
Download App:
  • android
  • ios