തെക്കന്‍ ബ്രസീലിലെ പംപാ ബയോമില്‍ നിന്നുള്ള ഭക്ഷ്യ വിഭവങ്ങളുടെ തത്സമയ പാചകത്തിലൂടെ ശ്രദ്ധേയനായ ഷെഫ് ഗുഗ റോച്ചയുടെ വിദ്യാഭ്യാസ-വിനോദ സീരീസുകള്‍ക്ക് സമാപനം.
ദുബൈ: തെക്കന്‍ ബ്രസീലിലെ പംപ ബയോമില്‍ നിന്നുള്ള പാചക രീതികളും മിഡില് ഈസ്റ്റില്‍ അറിയപ്പെടാത്ത വിഭവങ്ങളും പരിചയപ്പെടുത്തുന്ന പ്രമുഖ ബ്രസീലിയന്‍ സെലിബ്രിറ്റി ഷെഫും ടെലിവിഷന്‍ താരവുമായ ഗുഗ റോച്ചയുടെ വൈല് കുക്കിംഗ് ഷോ എക്‌സ്‌പോ 2020യിലെ ബ്രസീലിയന്‍ പവലിയനില്‍ സംഘടിപ്പിച്ചു.
തത്സമയ കുക്കിംഗ് ഷോകളിലെ ആറാമത്തെയും അവസാനത്തേതുമായിരുന്നു ബ്രസീലിയന്‍ ട്രേഡ് ആന്റ് ഇന്‌വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സി (അപെക്‌സ് ബ്രസീല്‍) ആതിഥ്യമരുളിയ ഈ പരിപാടി. ബ്രസീലിലെ ആറു വ്യത്യസ്ത ബയോമുകളില്‍ നിന്നുള്ള ചേരുവകളാണ് ഈ സവിശേഷ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
''ബ്രസീല്‍ പവലിയനില്‍ ഞങ്ങളുടെ തത്സമയ പാചക പരമ്പരയുടെ സമാപനത്തില്‍ ഷെഫ് റോച്ചയെ ലഭിച്ചതില്‍ സന്തോഷമുണ്ട്. ആമസോണിനപ്പുറം കൂടുതല്‍ കാര്യങ്ങള്‍ ബ്രസീലിന്റെ ഈ ലോക വേദിയില്‍ അവതരിപ്പിക്കുകയെന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം. പലപ്പോഴും അവഗണിക്കപ്പെടുന്ന അവിശ്വസനീയമായ വൈവിധ്യം ഞങ്ങള്‍ക്കുണ്ട്. ഷെഫ് റോച്ചയുടെ അതിശയകരമായ പാചകക്കൂട്ടുകളും അദ്ദേഹത്തിന്റെ വ്യക്തിത്വവും ഉപയോഗിച്ച്, പംപാ പ്രദേശത്തെ കുറിച്ചും അതിലെ നിരവധി വിഭവങ്ങളെ കുറിച്ചും ആളുകള്‍ പഠിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' -എക്‌സ്‌പോ 2020യിലെ ബ്രസീല്‍ പവലിയന്‍ ഡയറക്ടര്‍ റാഫേല്‍ നാസ്‌സിമെന്റോ പറഞ്ഞു.

''വൈവിധ്യമാര്‍ന്ന സസ്യ-ജന്തുജാലങ്ങളെ പരിപോഷിപ്പിക്കുന്ന ബ്രസീലിന്റെ തെക്കേയറ്റത്തെ വിശാലമായ പുല്‍മേടുകളെയാണ് പംപ ബയോം സൂചിപ്പിക്കുന്നത്. ബ്രസീലിലെ കൗബോയ്മാരില്‍ നിന്നോ, ഗൗച്ചോകളില്‍ നിന്നോ ആണ് ഈ മേഖലയില്‍ നിന്നുള്ള ഭക്ഷണം വരുന്നത്'' -ഷെഫ് റോച്ച പറഞ്ഞു. പാചകത്തിലും ബ്രസീലിയന്‍ ഭക്ഷണത്തിലും അദ്ദേഹത്തിനുള്ള അത്യുല്‍സാഹം പരക്കെ അറിയപ്പെടുന്നതാണ്.
എങ്ങനെ താന്‍ പാചകത്തിലേക്കെത്തിയെന്നതിനെ കുറിച്ച് പ്രതികരിക്കവേ, ''ഒരു സംസ്‌കാരത്തെ കുറിച്ച് നിങ്ങള്‍ക്ക് ശരിക്കും അറിയണമെന്നുണ്ടെങ്കില്‍ യഥാര്ത്ഥ ജനങ്ങള്‍ താമസിക്കുന്നിടത്തേക്ക് നിങ്ങള്‍ പോകണം. ബ്രസീലിലെ പ്രൊഫഷനല് ഷെഫുമാര്‍ക്ക് പോലും അവിടത്തെ കാര്യങ്ങള്‍ ശരിക്കും അറിയില്ല. ബ്രസീല്‍ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത ചേരുവകള്‍ കണ്ടെത്തുകയാണ്. ബ്രസീലിയന്‍ പാചക രീതി നിരന്തരം മാറുന്നതാണ്. ജാപനീസ്, ചൈനീസ്, ലബനീസ് സ്വാധീനത്തോടൊപ്പം ആഫ്രിക്കന്‍ സ്വാധീനവും പോര്‍ച്ചുഗീസ് ശൈലിയുമടങ്ങിയ നാടന്‍ ഭക്ഷണങ്ങളാണിവ.
ബ്രസീലിലെ ഭക്ഷണത്തെ മാറ്റുന്ന നിരവധി വ്യത്യസ്ത സ്വാധീനങ്ങളുണ്ട്. ഇത് കൂടുതല് ലഭിക്കുന്നതും വ്യാപകവുമാണ്. ലാളിത്യവും പുതുമയും കൂടുതല്‍ ആധുനികവുമായ ഭക്ഷണങ്ങളാണ്'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിചയമില്ലാത്തവരും എന്നാല്‍ ബ്രസീലിയന്‍ പാചകത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരുമായവര്‍ക്ക് അദ്ദേഹം നല്കിയ ഉപദേശം ഇതാണ്:
''വര്ണാഭമായിരിക്കുക. നാരങ്ങ, മുളക് മുതലായവ പോലെ കുറച്ച് അസിഡിറ്റി ഉണ്ടായിരിക്കണം. ധാരാളം ഔഷധ സസ്യങ്ങളും ഏറ്റവും പ്രധാനമായി, ധാരാളം പുതുമയും വേണം''. വിദേശ രുചികളുമായി ബ്രസീലിയന്‍ ചേരുവകള്‍ ലയിപ്പിക്കാനും പ്രിയപ്പെട്ട, പരമ്പരാഗത ഭക്ഷണം പാചകം ചെയ്യാനുള്ള നൂതന സമീപനങ്ങള് സൃഷ്ടിക്കാനുമുള്ള അസാധാരണമായ കഴിവിന്റെ കാര്യത്തില് ഷെഫ് റോച്ച കൂടുതല്‍ അറിയപ്പെടുന്നു.
ഷോ കണ്ടുനിന്നവര്‍ക്കായി ഷെഫ് മൂന്ന് കോഴ്‌സ് ഭക്ഷണം തയാറാക്കി. കണ്ണുനീര്ത്തുള്ളിയുടെ ആകൃതിയിലുള്ളതും ബീഫ് വാരിയെല്ലും പൈന്‍ അണ്ടിപ്പരിപ്പും കൊണ്ട് നിറച്ചതുമായ കോക്‌സിന്ഹ ആയിരുന്നു ആദ്യത്തേത്. ബീഫ് തീമനുസരിച്ച്, പ്രധാന കോഴ്‌സ് സാവധാനത്തില്‍ ബ്രെയ്‌സ് ചെയ്ത പിക്കാന അല്ലെങ്കില്‍ ബറേഡോ എന്ന സിര്‌ലോയിന് വിഭവമായിരുന്നു. ഒടുവില്‍, മരച്ചീനി സാഗുവിനൊപ്പം വിളമ്പിയ ബ്യൂട്ടിയ ചിമിയ എന്ന ഗൗച്ചോ ബ്രസീലിയന്‍ മേഖലയില്‍ നിന്നുള്ള ഒരു കരകൗശല മധുര പലഹാരമായിരുന്നു.
