2025 ൽ 51 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെ വരവേറ്റ് ചരിത്രനേട്ടം കുറിച്ച് ഖത്തർ ടൂറിസം. ഫിഫ ലോകകപ്പിന് ശേഷവും രാജ്യത്തിന്റെ സ്വീകാര്യത വർധിച്ചുവെന്നും, ജിസിസി രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

ദോഹ: 2025 ൽ ഖത്തറിലെത്തിയത് റെക്കോർഡ് വിനോദ സഞ്ചാരികൾ. ഖത്തർ ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 51 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെയാണ് ഖത്തർ വരവേറ്റത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സഞ്ചാരികളുടെ ഒഴുക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഫിഫ ലോകകപ്പിന് ശേഷവും ആഗോള ടൂറിസം ഭൂപടത്തിൽ ഖത്തറിന്റെ സ്വീകാര്യത വർധിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടം. ഇത് രാജ്യത്തെ ഹോട്ടല്‍, യാത്ര, സേവന മേഖലകളില്‍ വലിയ മുന്നേമാണ് സൃഷ്ടിച്ചത്.

ഖത്തറിലെത്തിയ സന്ദർശകരിൽ കൂടുതലും അയൽരാജ്യങ്ങളായ ജിസിസി രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്. ആകെ സന്ദർശകരിൽ 36 ശതമാനം വരും ഇത്. യൂറോപ്പിൽ നിന്നുള്ളവർ 26 ശതമാനവും, ഏഷ്യ-ഓഷ്യാനിയ മേഖലകളിൽ നിന്നുള്ളവർ 22 ശതമാനവുമാണ്. 2025 ന്റെ ആദ്യ പകുതിയിൽ 57 ശതമാനം സന്ദർശകരും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലെത്തിയപ്പോൾ, 33 ശതമാനം പേർ കരമാർഗ്ഗവും 9 ശതമാനം പേർ കടൽ വഴിയും എത്തി. ലുസൈൽ സിറ്റി, ഖത്തർ നാഷണൽ മ്യൂസിയം, കതാറ കൾച്ചറൽ വില്ലേജ്, സൂഖ് വാഖിഫ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

കൂടാതെ, 2025 ൽ നടന്ന ഫിഫ അറബ് കപ്പ്, ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സ്, മോട്ടോ ജിപി തുടങ്ങിയ വൻകിട കായിക മാമാങ്കങ്ങളും ഖത്തറിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകി. കൂടാതെ, ലുസൈൽ വിന്റർ വണ്ടർലാൻഡ്, സന്ദർശകർക്കായി പുതുതായി തുറന്ന ബീച്ച് ക്ലബ്ബുകൾ, ആഡംബര റിസോർട്ടുകൾ എന്നിവയും ഖത്തറിലേക്ക് കൂടുതൽ ആഗോള സഞ്ചാരികളെ എത്തിച്ചു.

രാജ്യത്തെ ഹോട്ടല്‍ മേഖലയിലും കഴിഞ്ഞ വർഷം റെക്കോര്‍ഡ് നേട്ടമുണ്ടായി. 97 ലക്ഷം ഹോട്ടല്‍ റൂമുകളാണ് 2025ൽ വിറ്റത്. 2030 ഓടെ പ്രതിവർഷം 60 ലക്ഷം വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്ന ഖത്തറിന്റെ 'നാഷണൽ ടൂറിസം സ്ട്രാറ്റജി'യുടെ വലിയൊരു ചുവടുവെപ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം മേഖലയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനും എണ്ണയിതര വരുമാനം ഉയർത്തുന്നതിനും ഈ വളർച്ച വലിയ സഹായമാകും.

2030 ആകുമ്പോഴേക്കും ജിഡിപിയുടെ 12 ശതമാനം ടൂറിസം മേഖലയിലൂടെ സംഭാവന ചെയ്യുക ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് ഖത്തർ. 2026 ലെ ജിസിസി ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ചത് ഖത്തർ തലസ്ഥാനമായ ദോഹയെയാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് ഖത്തറിലെ വിനോദസഞ്ചാര മേഖല.