സന്ദര്‍ശകവിസയിലെത്തിയതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതുകൊണ്ട്  ഭീമമായ തുകയാണ് ഇതിനകം ചികിത്സയ്ക്കായി വേണ്ടിവന്നത്. തുടര്‍ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് 

ദുബായ്: പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകന്‍ ചെറുവയൽ രാമനെ ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രാമന്‍റെ തുടര്‍ചികിത്സയ്ക്കായി തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കൂടെയുള്ളവര്‍. 

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വയലും വീടും എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ചെറുവയൽ രാമന്‍ ദുബായിലെത്തിയത്. വ്യാഴാഴ്ച രാത്രി പരിപാടിയുടെ സ്ഥലത്തെത്തി നെൽവിത്തുകൾ തരം തിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത് . ഉടൻ തന്നെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. 

രാമന്‍ ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സന്ദര്‍ശകവിസയിലെത്തിയതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതുകൊണ്ട് ഭീമമായ തുകയാണ് ഇതിനകം ചികിത്സയ്ക്കായി വേണ്ടിവന്നത്. തുടര്‍ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ചെറുവയല്‍ രാമനെ ദുബായിലേക്ക് കൊണ്ടുവന്ന സംഘാടകര്‍. ദുബായ് കോൺസുലേറ്റ് വഴി സഹായം ലഭ്യമാക്കാമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നൽകിയ ഉറപ്പാണ് ഇപ്പോൾ അവരുടെ പ്രതീക്ഷ. 

ബന്ധുക്കളാരും കൂടെയില്ല. മകനെ കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന് പാസ്പോർട്ട് ഇല്ലത്തതിനാൽ സാധിച്ചില്ല. കേരളത്തിൽ അന്യംനിന്ന് പോയ നിരവധിയിനം നെൽവിത്തുകൾ സൂക്ഷിക്കുകയും അവയ്ക്ക് പ്രചാരം നൽകുകയും ചെയ്ത വ്യക്തിയാണ് വയനാട് സ്വദേശിയായ ചെറുവയല്‍ രാമന്‍.