12 വർഷത്തെ ഇടവേളക്ക് ശേഷം ഖത്തറിലെത്തുന്ന കേരള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെ ദോഹയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
ദോഹ: ഗൾഫ് പര്യടനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഖത്തറിലെത്തും. സന്ദർശന ദിവസം രാവിലെ പ്രവാസി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പന്ത്രണ്ട് വർഷത്തിനു ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തറിൽ സന്ദർശനം നടത്തുന്നത്. മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ദോഹയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന്‍ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും. വൈകുന്നേരം ആറുമണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിലാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്.
മലയാളോത്സവത്തിൽ പങ്കെടുക്കുന്നവർക്കായി അൽ- ഖോർ, മിസൈദ്, ഇൻഡസ്ട്രിയൽ ഏരിയ, വക്ര, ഉം സലാൽ തുടങ്ങി ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ കലാ പരിപാടികൾ, നൃത്ത നൃത്യങ്ങൾ, ചെണ്ടമേളം എന്നിവ മലയാളോത്സവത്തിന് മാറ്റുകൂട്ടും. പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പത്മശ്രീ ഡോ. എം. എ.യൂസഫ് അലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ സംബന്ധിക്കും.


