ഡിഎംഡി അഥവാ ഡുഷൻ മാസ്കുലർ ഡിസ്ട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കുട്ടിയുടെ ചികിത്സക്ക് വേണ്ടത് 25 കോടിയിലേറെ രൂപയാണ്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ മാതാപിതാക്കള്‍.
ഷാര്‍ജ: ഏഴ് വർഷം കാത്തിരുന്നുണ്ടായ പൊന്നുമോന് ഡിഎംഡി എന്ന അപൂർവ്വ രോഗം ബാധിച്ചതായി അറിഞ്ഞതോടെ ചികിത്സക്ക് വേണ്ട ഭീമൻ തുകയ്ക്കായി ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ പ്രവാസികളായ മാതാപിതാക്കൾ. ഇന്ത്യൻ രൂപയിൽ 25 കോടിയലധികം വേണം ഈ രോഗം ചികിത്സിക്കാന്‍.
ആറ് മാസം വരെ ഊർജ്ജസ്വലനായിരുന്ന കുട്ടിയായിരുന്നു സയാൻ. പക്ഷെ പിന്നീടങ്ങോട്ട് വളർച്ചയിൽ ലഭിക്കേണ്ട പുരോഗതി ഇല്ലാതായിത്തുടങ്ങി. ഭക്ഷണം കഴിക്കുന്നതിൽ, നടക്കുന്നതിൽ, ഓടുന്നതിൽ, ചാടുന്നതിൽ. കുട്ടികൾക്ക് വേണ്ട മിടുക്കും ഊർജ്ജവും ഒന്നുമില്ല. സ്കൂളിലും വീട്ടിലും പടികൾ കയറുമ്പോഴും അസ്വാഭാവികമായ ഇടർച്ച. പല ഡോക്ടർമാരെ കണ്ടു. ഒടുവിൽ നാല് മാസം മുൻപ് കണ്ട ന്യൂറോളജി ഡോക്ടർ ഒരു സംശയം പറഞ്ഞു. ഡിഎംഡി അഥവാ ഡുഷൻ മാസ്കുലർ ഡിസ്ട്രോഫിയാണെന്ന്.
ശരീരത്തിലെ പേശികളിൽ നുറുങ്ങുന്ന വേദന അനുഭവിക്കുകയാണ് ഈ കുട്ടി. വെള്ളം കുടിക്കാനും ഭക്ഷണം ഇറക്കാനും പോലും ബുദ്ധിമുട്ട്. രാത്രിയിൽ ഉറങ്ങാനാകില്ല. ഹൃദയത്തെ വരെ ബാധിക്കുന്നു. മറ്റു കുട്ടികളെപ്പോലെ ചാടിയെഴുന്നേൽക്കാനോ വേഗത്തിലോടാനോ കഴിയില്ല. പുറമേക്ക് പ്രശ്നങ്ങളൊന്നുമില്ലെങ്കിലും മെഡിക്കൽ റിപ്പോർട്ട് പ്രകാരം കുട്ടി അനുഭവിക്കുന്നത് മനുഷ്യന് താങ്ങാവുന്നതിലും അപ്പുറം അളവിലുള്ള വേദനയാണ്. 10.65 ദശലക്ഷം ദിർഹം വില വരുന്ന ജീൻ തെറാപ്പി മാത്രമാണ് പരിഹാരം. ഇന്ത്യൻ രൂപയിൽ 25 കോടി.
യുഎഇയിലും ഖത്തറിലും അമേരിക്കയിലും മാത്രമാണ് മരുന്ന് ലഭ്യമാവുക. ഈ പണം എങ്ങനെ കണ്ടെത്തുമെന്നതാണ് മാതാപിതാക്കളായ ജാഫറിന്റെയും ജാസ്മിന്റെയും പ്രതിസന്ധി. യുഎഇയിലെ ദേവയിൽ ഉദ്യോഗസ്ഥനാണ് പിതാവ് ജാഫർ. തമിഴ്നാട് സ്വദേശികളാണിവർ. ഇന്ത്യയിലേക്ക് മടങ്ങിപ്പോയി ചികിത്സ എടുക്കാനാണെങ്കിൽ തുക പിന്നെയും കൂടും. 28 കോടിയെങ്കിലുമാകും. മരുന്ന് കിട്ടാനുള്ള ബുദ്ധിമുട്ട് വേറെയും. മകന്‍റെ ചികിത്സക്കുള്ള തുക കണ്ടെത്താൻ കനിവ് തേടുകയാണ് ഇവര്‍.

