റിയാദ്: അച്ഛനോടൊപ്പം സഞ്ചരിച്ച നാലുവയസുകാരിയെ അജ്ഞാത സംഘം കാറടക്കം തട്ടിക്കൊണ്ടുപോയി. റിയാദിലെ ശുമൈസി ഡിസ്ട്രിക്റ്റിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. എൻജിൻ ഓഫാക്കാതെ റോഡിൽ കാര്‍ നിര്‍ത്തിയിട്ട് പിതാവ് എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പോയ സമയത്താണ് എവിടെ നിന്നോ എത്തിയ അജ്ഞാത സംഘം കാറും അതിലിരുന്ന കുട്ടിയെയും തട്ടിക്കൊണ്ടുപോയത്. 

പരാതിപ്പെട്ട ഉടനെ സ്ഥലത്തെത്തിയ പൊലീസ് സംഘവും സിഐഡി വിഭാഗവും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ നോക്കി കാർ പോയ ദിശ മനസിലാക്കി പിന്തുടർന്ന് കിങ് ഫഹദ് ഹൈവേയിൽ വച്ച് വാഹനം കണ്ടെത്തുകയും വളഞ്ഞ് പിടികൂടുകയുമായിരുന്നു. നാൽപതോളം പൊലീസ് വാഹനങ്ങൾ അതിവേഗതയിൽ കുതിച്ചെത്തി വളഞ്ഞതോടെ അക്രമികൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. 

കാറിനുള്ളിൽ പേടിച്ച് തളർന്നുകിടക്കുകയായിരുന്ന കുട്ടിയെ പൊലീസ് വീണ്ടെടുത്ത് പിതാവിനെ ഏൽപിച്ചു. റിയാദ് ഡല്‍ഹി പബ്ലിക് സ്‌കൂളിൽ അധ്യാപകനായ തമിഴ്നാട് സ്വദേശി ആന്‍റണി എസ്. തോമസാണ് പെൺകുട്ടിയുടെ പിതാവ്. അദ്ദേഹത്തിന്‍റെ ഹ്യുണ്ടായി ആക്‌സൻറ് കാറടക്കമാണ് തട്ടിക്കൊണ്ടുപോയത്.

ശുമൈസിയിൽ അൽരാജ്ഹി ബാങ്കിന്‍റെ എടിഎം കൗണ്ടറിനടുത്ത് റോഡിൽ കാർ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. എഞ്ചിൻ ഓഫ് ചെയ്യാഞ്ഞതിനാൽ അക്രമികൾ കാറിനുള്ളിൽ കയറി അതിവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. കാറിനുള്ളിലിരുന്ന കുട്ടിയും അവരുടെ കയ്യിൽപ്പെട്ടു. 

വിവരമറിഞ്ഞ് അവിടെയെത്തിയ പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളായ റാഫി പാങ്ങോട്, രാജു പാലക്കാട്, ബിനു കെ. തോമസ് എന്നിവരാണ് പൊലീസിനെ വിവരമറിയിച്ചത്. നിമിഷങ്ങൾക്കുള്ളിലെത്തിയ പൊലീസ് രക്ഷാദൂതരായി മാറുകയായിരുന്നു. കാറിൽ നിന്നിറങ്ങിയോടിയ അക്രമികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.