‘ഈഷി ബിലാദി’ എന്നു തുടങ്ങുന്ന യുഎഇ ദേശീയ ഗാനം വ്യത്യസ്തമായി അവതരിപ്പിച്ച് മലയാളികൾ ഉൾപ്പെടുന്ന സംഘം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 132 ഗായകന്മാരുടെ സംഘമായ 'ജോയ്ഫുൾ സിംഗേഴ്സ്' ആണ് ഈ സംഗീത ആദരം ഒരുക്കിയത്. ഇതിൽ 131 പേരും മലയാളികളാണ്. 

ദുബൈ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന് സംഗീതാർച്ചനയുമായി യുഎഇ ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി ഗായകസംഘം. ‘ഈഷി ബിലാദി’ എന്നു തുടങ്ങുന്ന യുഎഇ ദേശീയ ഗാനം പാശ്ചാത്യ ശൈലിയിലുള്ള നാല് ഭാഗങ്ങളുള്ള മനോഹരമായ ഹാർമണിയിൽ അവതരിപ്പിച്ചാണ് ഇവർ ശ്രദ്ധേയരായത്.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 132 ഗായകന്മാരുടെ സംഘമായ 'ജോയ്ഫുൾ സിംഗേഴ്സ്' ആണ് ഈ സംഗീത ആദരം ഒരുക്കിയത്. ഇതിൽ 131 പേരും മലയാളികളാണെന്നതും ശ്രദ്ധേയമാണ്. പ്രവാസികളെ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും അവസരങ്ങൾ നൽകുകയും ചെയ്ത രാജ്യത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇവർ ദേശീയ ഗാനം ആലപിച്ചത്. സെപ്രാനോ, ആൾട്ടോ, ടെന,ബെയ്സ് എന്നിങ്ങനെ നാലു ഭാഗങ്ങളായി നാലാഴ്ച കൊണ്ട് ചിത്രീകരിച്ചാണ് ഒരുമിനിറ്റ് നീളമുള്ള സംഗീത ആൽബം കോർത്തിണക്കിയത്.

തങ്ങൾക്ക് ഏറ്റവും നന്നായി അറിയാവുന്ന സംഗീത പാരമ്പര്യം ഉപയോഗിച്ച് യുഎഇയെ ആദരിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്ന് ഒരു ദശാബ്ദത്തിലേറെയായി ദുബൈയിൽ താമസിക്കുന്ന ഗായകസംഘത്തിന്‍റെ ഡയറക്ടർ ഡേവിഡ് അനൂഷ് പറഞ്ഞു. ജുമൈറയിൽ11,000 പതാകകൾ അണിനിരത്തിയ ഫ്ലാഗ് ഗാർഡൻ ദുബൈയിലെ ചിത്രീകരണം ആൽബത്തെ മനോഹരമാക്കി. പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് ഇത് പൂർത്തിയാക്കിയത്.

നാലു മുതൽ 70 വയസ്സു വരെയുള്ള ഗായകർ ആൽബത്തിൽ അണിചേർന്നു. ഏറ്റവും പരിചിതമായ കോറൽ സംഗീത ശൈലിയാണ് സ്വീകരിച്ചത്. നാല് ഭാഗങ്ങളുള്ള ഗാനത്തിന്‍റെ ക്രമീകരണം ഒരുക്കിയത് കേരളത്തിലെ സംഗീതജ്ഞനായ നിബിൻ ജോസും, അകമ്പടി ട്രാക്ക് യുഎസിലെ ഓഡിയോ എഞ്ചിനീയറായ ഡേവിഡ് ചാക്കോ വിക്ടറുമാണ്. ചെറിയ സൗഹൃദ കൂട്ടായ്മയായി തുടങ്ങിയ ഈ ഗായകസംഘം ഇന്ന് യുഎഇയിലെ ശ്രദ്ധേയമായ ഒന്നായി വളർന്നു. 2023-ൽ 27 അംഗങ്ങളുമായി രൂപീകരിച്ച 'ജോയ്ഫുൾ സിംഗേഴ്സിൽ' ഇന്ന് 144 ഗായകരുണ്ട്. എല്ലാ വർഷവും രണ്ട് പ്രധാന കൺസേർട്ടുകൾ ഇവർ അവതരിപ്പിക്കാറുണ്ട്. ആൽബം യൂട്യൂബിലും വൈറലായി.