മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫര്‍. ആക്ഷൻത്രില്ലര്‍ സിനിമയുടെ ഗ്ലോബൽ ലോഞ്ച് ദുബായ് അറേബ്യൻ സെന്‍ററിൽ. പതിനായിരത്തിലധികം ആരാധകര്‍ എത്തും.

മമ്മൂട്ടിയുടെ പുതിയ ആക്ഷൻ ത്രില്ലര്‍ സിനിമ ക്രിസ്റ്റഫറിന്‍റെ ഗ്ലോബൽ ലോഞ്ച് ദുബായ് അറേബ്യൻ സെന്‍ററിൽ ഫെബ്രുവരി മൂന്നിന്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് സംഘടിപ്പിക്കുന്ന പരിപാടി വൈകീട്ട് ആറ് മണിക്കാണ്.

പതിനായിരത്തിലധികം ആരാധകരാണ് ഗ്ലോബൽ ലോഞ്ചിന് എത്തുക. Gold FM 101.3 റേഡിയോ ജോക്കികളായ RJ വൈശാഖ്, RJ മീര നന്ദൻ എന്നിവരാണ് പരിപാടി നയിക്കുക. കലാപരിപാടികള്‍, ഇന്‍ററാക്ടീവ് സെഷൻ, ഫൺ ഗെയിംസ് എന്നിവയിൽ ആരാധകര്‍ക്ക് പങ്കെടുക്കാം. വമ്പൻ സമ്മാനങ്ങളും നേടാം.

മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം സ്നേഹ, ഐശ്വര്യ ലക്ഷ്മി, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. താരങ്ങള്‍ ആരാധകരുമായി സംവദിക്കും. ക്രിസ്റ്റഫര്‍ സിനിമയുടെ എക്സ്ക്ലൂസീവ് ട്രെയിലറും പ്രത്യേക കേക്ക് മുറിക്കലും നടക്കും.

'ക്രിസ്റ്റഫറി'ൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ് എന്നിവരും 'ക്രിസ്റ്റഫറി'ൽ അഭിനയിക്കുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ കൂടെയാണ് ക്രിസ്റ്റഫര്‍.

ആര്‍.ഡി ഇല്ല്യുമിനേഷൻസിന്‍റെ ബാനറിൽ ഉണ്ണികൃഷ്ണൻ നിര്‍മ്മിക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ജസ്റ്റിൻ വര്‍ഗീസ് ആണ്. 2023 ഫെബ്രുവരി ഒമ്പതിനാണ് 'ക്രിസ്റ്റഫര്‍' റിലീസ് ചെയ്യുന്നത്.

മലയാളി സമൂഹവും സിനിമാപ്രേമികളും ഒരുമിച്ച് തങ്ങളുടെ പ്രിയ താരങ്ങളെ കാണാൻ എത്തുന്നതിൽ ആഹ്ലാദമുണ്ടെന്ന് അറേബ്യൻ സെന്‍റര്‍ ജനറൽ മാനേജര്‍ വെസം അൾഡോറ പറഞ്ഞു.