മസ്‍കത്ത്: ഒമാനിൽ ഏപ്രിൽ മൂന്നു മുതൽ താൽക്കാലികമായി ആരാധനകൾ നിർത്തിവെച്ചിരുന്ന ക്ഷേത്രങ്ങളും പള്ളികളും വിശ്വാസികൾക്കായി വീണ്ടും തുറന്നു കൊടുക്കുന്നു. പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദർസെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശ്രീ ശിവക്ഷേത്രവും ജൂൺ 12 ശനിയാഴ്ച ആരാധനക്കായി തുറക്കും.

ദാർസൈത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശനിയാഴ്ച  രാവിലെ 06:30ന് പൂജാ കർമ്മങ്ങൾ ആരംഭിക്കും. മസ്‌കത്തിലെ ശിവ ക്ഷേത്രത്തിൽ  ആറു മണിയോടെ തന്നെ പൂജകൾ ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികളുടെ അറിയിപ്പിൽ പറയുന്നു. ജൂൺ 13 ഞാറാഴ്ച മുതൽ ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ആരാധനകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

12 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസിനു മുകളിൽ പ്രായമായ മുതിർന്നവർക്കും ദേവാലയങ്ങളിൽ പ്രവേശനമില്ല എന്നു തുടങ്ങി കർശനമായ നിരവധി  നിബന്ധനകളോടു കൂടിയാണ്  റൂവി പീറ്റർ ആൻഡ് പോൾ ദേവാലയം ആരാധനക്കായി തയ്യാറാക്കുന്നതെന്ന് വിശ്വാസികൾക്കായി പുറത്തിറിക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. ദേവാലയങ്ങളിൽ എത്തുന്നവർ നിർബന്ധമായും മാസ്‌ക്കുകൾ ധരിക്കണമെന്നും സാമൂഹ്യ അകലം  പാലിക്കുന്നതില്‍ വീഴ്‍ച വരുത്തരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.