മസ്കത്ത്: തിരുപ്പിറവിയോട് അനുബന്ധിച്ചു ഒമാനിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ തീ ജ്വാല ശുശ്രുഷയും, പാതിരാ കുർബാനയും നടന്നു. ഒമാൻ മതകാര്യ മന്ത്രാലയം അനുവദിച്ച കേന്ദ്രങ്ങളിലായിരുന്നു ആരാധനകൾ ക്രമീകരിച്ചിരുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽക്കു തന്നെ ഒമാനിലെ എല്ലാ ദേവാലയങ്ങളിലും ക്രിസ്‌മസിന്റെ പ്രത്യേക ശുശ്രുഷകൾ ആരംഭിച്ചിരുന്നു. ക്രിസ്മസിന് ഏറ്റവും പ്രാധാന്യത്തോടു കൂടി നടത്തിവരുന്ന തീജ്വാല ശുശ്രുഷയിൽ ധാരാളം വിശ്വാസികൾ ആണ് പങ്കെടുത്തത്.

സത്യ പ്രകാശമായ ക്രിസ്തുവിനെ സർവലോകവും കുമ്പിട്ടു ആരാധിച്ചതിന്റെ പ്രതീകമായിട്ടാണ് തീ ജ്വാല ശുശ്രുഷ നടത്തിവരുന്നത്. റൂവി ഗ്രിഗോറിയോസ് ഓർത്തഡോൿസ് സുറിയാനി ദേവാലയത്തിൽ നടന്ന തീ ജ്വാല ശുശ്രുഷക്കു മാർ നിക്കോഡിമിയോസ് ജോഷുവ നേതൃത്വം നൽകി.

ഒമാൻ മതകാര്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള റൂവി , ഗാല , സൊഹാർ സലാല എന്നി നാല് പ്രധാന കേന്ദ്രങ്ങളിൽ പുലർച്ചെ വരെയാണ് വിവിധ സഭകളുടെ നേതൃത്വത്തിൽ ഉള്ള ആരാധനകൾ നടന്നത്.