ഓരോ എമിറേറ്റിനും സിനിമാ ഹാളുകളിലെ ശേഷിയില്‍ മാറ്റം വരുത്താനും അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനോ കര്‍ശനമാക്കാനോ കഴിയുമെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
അബുദാബി: യുഎഇയിലെ സിനിമാ തിയേറ്ററുകള്‍(Cinema theatres) ഫെബ്രുവരി 15 മുതല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് സാംസ്‌കാരിക, യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു. ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയാണ്(National Emergency Crisis and Disasters Management Authority ) തീരുമാനം പുറപ്പെടുവിച്ചത്.
ഓരോ എമിറേറ്റിനും സിനിമാ ഹാളുകളിലെ ശേഷിയില്‍ മാറ്റം വരുത്താനും അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനോ കര്‍ശനമാക്കാനോ കഴിയുമെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. മഹാമാരിയുടെ തുടക്കം മുതല്‍ പ്രൊഫഷണല്‍ രീതിയിലാണ് യുഎഇ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്തത്. കൊവിഡ് പോരാട്ടത്തില്‍ യുഎഇ സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശ്രമങ്ങളുടെയും വിജയത്തിന്റെയും ഫലമായാണ് സിനിമാ ഹാളുകളില്‍ സീറ്റിങ് ശേഷി ഉയര്‍ത്താനുള്ള തീരുമാനമെടുത്തത് മീഡിയ റെഗുലേറ്ററി ഓഫീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാഷിദ് ഖാല്‍ഫാന്‍ അല്‍ നുഐമി പറഞ്ഞു.
യുഎഇയില്‍ ഫെബ്രുവരി പകുതിയോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
അബുദാബി: യുഎഇയില്‍ (UAE) പ്രതിദിന കൊവിഡ് കേസുകളില്‍ (Daily covid cases) കുറവ് വന്നതോടെ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ അധികൃതരുടെ തീരുമാനം. ഷോപ്പിങ് മാളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ചുള്ള നിബന്ധനകളില്‍ ഫെബ്രുവരി പകുതിയോടെ മാറ്റം വരും.
ബുധാനാഴ്‍ച യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി നടത്തിയ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. വിനോദ കേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന നടപടിയും പിന്‍വലിക്കും. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ മാറ്റി ഫെബ്രുവരി പകുതിയോടെ പരമാവധി ഇളവുകളിലേക്ക് എത്തുകയാണ് ലക്ഷ്യമെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി പറഞ്ഞു. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും.
എന്നാല്‍ ഓരോ മേഖലയിലും പരമാവധി അനുവദിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച തീരുമാനം അതത് എമിറേറ്റുകളായിരിക്കും കൈക്കൊള്ളുക. ഓരോ എമിറേറ്റിനും അനിയോജ്യമായ തരത്തില്‍ അവിടങ്ങളിലെ ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് കമ്മിറ്റികള്‍ തീരുമാനമെടുക്കും. അതേസമയം അല്‍ ഹുന്‍സ് ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് സംവിധാനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
