ദോഹ: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച മലയാളി ഡോക്ടർ ദോഹയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് രാജിവച്ചു. ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററില്‍നിന്ന് ഓർത്തോപീഡിക്​സ്​ വിഭാഗം സ്പെഷ്യലിസ്റ്റ് ആയ ഡോ. അജിത്‌ ശ്രീധരനാണ് രാജിവച്ചത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ആശുപത്രി അധികൃതർ‌ വിശദീകരണം ആവശ്യപ്പെടുകയും ഡോക്ടർ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, ആശുപത്രിയിൽനിന്ന് ഡോക്ടറെ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായതോടെ അജിത് സ്വയം രാജിവച്ച് പോകുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് ഡോ. അജിത് ശ്രീധരൻ.

ഡോ.അജിത് എസ് മാളിയാടന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൗരത്വ നിയമ ഭേദ​ഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ അജിത് ശ്രീധരൻ രൂക്ഷവിമർശനങ്ങളുന്നയിച്ചത്. നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാംവിമോചന സമരമെന്ന നിലയില്‍ ഇപ്പോള്‍ പ്രക്ഷോഭങ്ങൾ നടക്കുന്നതെന്നും പറമ്പിലെ ചപ്പും ചവറും കൂട്ടിയിട്ട് തീക്കൊളുത്തി ക്രിമിനലുകളെ തെരുവിലിറക്കി പൊതുമുതല്‍ നശിപ്പിക്കുന്നതിനെ പൊതുജനപ്രക്ഷോഭമായി മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു അജിത് ശ്രീധരന്റെ വിവാദ പരാമർശം.

ഏറ്റവും എളുപ്പും ഇളക്കിവിടാവുന്ന വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് കലാപം സൃഷ്ടിക്കുകയാണെന്ന് പറയുന്ന പോസ്റ്റ് പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച സംസ്‌കാരികനായകരെ ശ്വാനന്‍മാരെന്നും വിശേഷിപ്പിക്കുന്നു. അതേസമയം, ഡോക്ടറുടെ പോസ്റ്റ്‌ വ്യക്തിപരമാണെന്നും സ്ഥാപനത്തിന്റെ അറിവോടെയല്ലെന്നും നസീം മാനേജ്‌മെന്റ് അറിയിച്ചു. ജാതി,മത,വർണ വ്യത്യാസമില്ലാതെ പ്രവൃത്തിക്കുന്ന പാരമ്പര്യമാണ് സ്ഥാപനത്തിനുള്ളതെന്നും മാനേജ്‌മന്റ്‌ വ്യക്തമാക്കി.