ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ജീവാപായം സംഭവിക്കുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തിട്ടില്ല. ബുധനാഴ്‍ച പുലര്‍ച്ചെ 12.09നാണ് അപകടം സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. 

അബുദാബി: അബുദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അതോരിറ്റി അറിയിച്ചു. ബുധനാഴ്‍ച പുലര്‍ച്ചെ ഹംദാന്‍ സ്‍ട്രീറ്റിലെ ഒരു കെട്ടിടത്തിലാണ് അപകടമുണ്ടായത്. അതേസമയം ഈ സംഭവത്തെക്കുറിച്ച് അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ജീവാപായം സംഭവിക്കുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തിട്ടില്ല. ബുധനാഴ്‍ച പുലര്‍ച്ചെ 12.09നാണ് അപകടം സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചു. തീ നിയന്ത്രണ വിധേയമാക്കുകയും മുന്‍കരുതലെന്ന നിലയില്‍ കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിക്കുകയും ചെയ്‍തു. വലിയ തോതിലുള്ള നാശനഷ്‍ടങ്ങളൊന്നും ഈ അപകടം കാരണമായി സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

അതേസമയം സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുമാത്രം ജനങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നും അബുദാബി സിവില്‍ ഡിഫന്‍സ് അറിയിച്ചു. തെറ്റാ.യ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറഞ്ഞത് ഒരു വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്.