മസ്‍കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ നിര്യാണവുമായി ബന്ധപ്പെട്ട് ഒമാനില്‍ പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണത്തില്‍ വിശദീകരണവുമായി അധികൃതര്‍. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങളും ആശയക്കുഴപ്പവും ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ അവധിക്ക് ശേഷം ജനുവരി 15, ബുധനാഴ്ച ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കും.

ഔദ്യോഗിക ദുഃഖാചരണം നടക്കുന്ന സമയങ്ങളിലും പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കാനായി വ്യാപാരികള്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നേരത്തെ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചത്. ശനിയാഴ്ച മസ്‍കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം ഖബറടക്കി.