കുവൈത്ത് സിറ്റി: അല്‍ മുബാറഖിയ സൂഖിലെ റസ്റ്റോറന്റില്‍ സംഘര്‍ഷം. വടികളും ദണ്ഡുകളും ഉപയോഗിച്ച് ഏതാനുംപേര്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാസേന സംഘര്‍ഷമുണ്ടാക്കിയവരെ കസ്റ്റഡിയിലെടുത്തു. 

റസ്റ്റോറന്റില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രം ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ ഉപയോഗിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഒരു കോഫി ഷോപ്പിലെ ജീവനക്കാരും മറ്റൊരാളുമാണ് ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മറ്റ് കേസുകളിലും കുറ്റവാളിയാണെന്ന് പിന്നീട് വ്യക്തമായി. സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങള്‍ ഭയചകിതരായി. സൂഖിലെ സുരക്ഷാജീവനക്കാരാണ് സംഘട്ടനമുണ്ടാക്കിയവരെ പിടിച്ചുമാറ്റിയത്. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. സംഭവത്തില്‍ കോഫി ഷോപ്പ് ഉടമ പരാതി നല്‍കാന്‍ വിസമ്മതിച്ചു. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.