ദുബൈ: ബാങ്കില്‍ നിന്ന് 10,000 ദിര്‍ഹം മോഷ്‍ടിച്ച സംഭവത്തില്‍ ശുചീകരണ തൊഴിലാളിക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് നടന്ന സംഭവത്തില്‍ ബാങ്കിലെ ഒരു വനിതാ ജീവനക്കാരിയാണ് പരാതി നല്‍കിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ബാങ്കില്‍ പണം കൈകാര്യം ചെ‍യ്തിരുന്ന ജീവനക്കാരി പണം മേശപ്പുറത്ത് വെച്ചിട്ട് മറ്റൊരു ആവശ്യത്തിനായി പുറത്തേക്ക് പോയ സമയത്തായിരുന്നു മോഷണം. തിരികെ മുറിയിലേക്ക് വന്നപ്പോള്‍ പണം നഷ്ടമായത് കണ്ട് അമ്പരന്നു. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ജീവനക്കാരി പുറത്തേക്ക് പോകുന്ന സമയത്ത് ശുചീകരണ തൊഴിലാളി മുറിയിലുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. 

32 വയസുകാരനായ ഇയാള്‍ മേശപ്പുറത്തുനിന്ന് പണം മോഷ്ടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്‍തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണത്തില്‍ 5000 ദിര്‍ഹം സ്വന്തം നാട്ടിലേക്ക് അയച്ചുവെന്ന് ബാക്കി കൈവശമുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രോസിക്യൂഷന്‍ ഇയാളെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.