ശുചീകരണ തൊഴിലാളി വീട്ടില്‍ വരുന്നത് ഇഷ്ടമല്ലെന്ന് കുട്ടി പറഞ്ഞതോടെ സംശയം തോന്നിയ പിതാവ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്താകുന്നത്. 

ദുബായ്: ദുബായില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശുചീകരണ തൊഴിലാളിക്ക് കോടതി ശിക്ഷ വധിച്ചു. ബംഗ്ലാദേശ് പൗരനായ പ്രതിക്ക് ആറ് മാസം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ദുബായ് കോടതി വിധിച്ചത്. ലിഫ്റ്റില്‍ വെച്ച് ആറ് വയസുകാരിയെ ഇയാള്‍ ചുംബിക്കുകയും അപമര്യാദയായി സ്പര്‍ശിക്കുകയുമായിരുന്നു.

മാര്‍ച്ച് ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളിയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഫ്ലൈറ്റ് അറ്റന്ററ്റായി ജോലി ചെയ്യുന്ന പിതാവ് വീട്ടിലെത്തിയപ്പോള്‍, തനിക്ക് വീട്ടില്‍ ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണെന്ന് കുട്ടി പറയുകയായിരുന്നു. പിതാവിനൊപ്പം തന്നെ രാത്രിയില്‍ ഉറങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. ശുചീകരണ തൊഴിലാളി വീട്ടില്‍ വരുന്നത് ഇഷ്ടമല്ലെന്ന് കുട്ടി പറഞ്ഞതോടെ സംശയം തോന്നിയ പിതാവ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്താകുന്നത്. ശുചീകരണ തൊഴിലാളി കുട്ടിയെ ചുംബിക്കുന്നതും ലിഫ്റ്റിലേക്ക് കൂട്ടി കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യകതമാണ്. 

ദൃശ്യങ്ങള്‍ പരിശോധിച്ച കുട്ടിയുടെ പിതാവ് ശുചീകരണ തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് പറ‍ഞ്ഞ ഇയാള്‍ മാപ്പപേക്ഷിച്ചു. എന്നാല്‍ ഇത് ആദ്യത്തെ തവണ അല്ലെന്നും ഇതിന് മുമ്പും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തിയതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അല്‍ ഖുസൈസ് പൊലീസാണ് മാര്‍ച്ച് ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണ പൂര്‍ത്തിയാക്കി തിങ്കളാഴ്ച കോടതി വിധി പറഞ്ഞു. പ്രതിക്ക് അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.