അബുദാബി: യുഎഇയുടെ സ്നേഹവായ്പ് 700 കോടി രൂപ നൽകുന്നതിനേക്കാൾ വലുതാണെന്ന് മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍. പ്രളയ ദുരന്തത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പിന്തുണ തേടി യുഎഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണിപ്പോള്‍.  യുഎഇ ഭരണാധികാരികള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ യുഎഇ സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ പങ്കെടുക്കുന്നുണ്ട്. കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ വളർച്ചയിൽ മലയാളികളുടെ സംഭാവന വളരെ വലുതാണ്. മലയാളികളുടെ ഒത്തൊരുമയിൽ കേരളത്തെ പുനർനിർമിക്കാനാവും. കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നുവെന്നും നല്ല കാലത്തും മോശം കാലത്തും ഞങ്ങൾ കേരളത്തിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എമിറേറ്റ്സ് റെഡ് ക്രസന്റ് വെസ്റ്റേണ്‍ റീജ്യണ്‍ ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക്, ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് പുനര്‍നിര്‍മാണത്തിനാവശ്യമായ സഹായം നല്‍കുമെന്ന് റെഡ് ക്രസന്റ് അറിയിച്ചു. യുഎഇയിലെ ഫൗണ്ടേഷണല്‍  ചാരിറ്റി സംഘടനകളില്‍ നിന്നും കേരളത്തിന്‌ സഹായം തേടുന്നത്  സംബന്ധിച്ചും  ഇരുവരും ചര്‍ച്ച നടത്തി.  നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് നിയമ തടസങ്ങളുണ്ടെങ്കിലും ഫൗണ്ടേഷണല്‍ ചാരിറ്റി സംഘടനകളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിന്  തടസമില്ലെന്ന്  മുഖ്യമന്ത്രി  പിണറായി വിജയന്‍ ചര്‍ച്ചയില്‍ അറിയിച്ചു.