റിയാദ്: സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന അറിയിച്ചു. യെമന്‍ ഭൂപ്രദേശത്ത് നിന്ന് ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് സേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്.

സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍, യെമന്റെ വ്യോമാതിര്‍ത്തിയില്‍ വെച്ചുതന്നെ അറബ് സഖ്യസേന വെടിവെച്ചിടുകയായിരുന്നു. സൗദി അറേബ്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ ബോധപൂര്‍വമായ ആക്രമണം നടത്തുകയായിരുന്നുവെന്ന് അറബ് സഖ്യസേന ആരോപിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ഡ്രോണ്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളുമാണ് സൗദി അറേബ്യ ലക്ഷ്യം വെച്ച് ഉണ്ടായത്. കഴിഞ്ഞ മാസം സൗദി അറേബ്യയിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണശ്രമമുണ്ടായി.