റിയാദ്​: സൗദി അറേബ്യയിൽ തണുപ്പിന്​ ഉ​ടനെയൊന്നും കുറവുണ്ടാവില്ലെന്ന്​ കാലാവസ്ഥാ ​പ്രവചനം. ശൈത്യം അതികഠിനമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ​വടക്കന്‍ അതിർത്തി പ്രദേശങ്ങളിലും അല്‍ജൗഫ്, തബൂക്ക്, ഹാഇല്‍ തുടങ്ങിയ പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തും.

ഖസീം പ്രവിശ്യയുടെ പല ഭാഗങ്ങളിലും റിയാദി​െൻറയും മദീനയുടേയും വടക്കന്‍ പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലെത്താന്‍ സാധ്യതയുണ്ട്. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അല്‍ജൗഫ്, തബൂക്ക്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും നേരിയ മഴയുണ്ടാവാനും വൈകുന്നേരങ്ങളിൽ മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ട്. ഇതേ സ്ഥലങ്ങളിലും റിയാദ്, മക്ക, മദീന എന്നീ സ്ഥലങ്ങളിലും പൊടിയും പൊടിക്കാറ്റും വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.