മരത്തിൽ തൂങ്ങിക്കിടക്കുന്ന കാര്‍, നാട്ടുകാര്‍ വിളിച്ചറിയിച്ചതോടെ പാഞ്ഞെത്തി സുരക്ഷാ സേന. അധികൃതരുടെ അന്വേഷണത്തിൽ ഒടുവിൽ ട്വിസ്റ്റ്.
കുവൈത്ത് സിറ്റി: മരത്തിൽ തൂങ്ങിക്കിടക്കുന്ന വാഹനം, എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകള്‍ അധികൃതരെ വിവരം അറിയിക്കുന്നു, പിന്നെ നടന്നത് വൻ ട്വിസ്റ്റ്! കുവൈത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്. ആറാം റിങ് റോഡിലെ യാത്രക്കാരാണ് ഒരു വാഹനം മരത്തിന് മുകളിൽ തൂങ്ങിക്കിടക്കുന്നെന്നും ഭീകരമായൊരു വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്നാകാം ഇതെന്നുമുള്ള സുരക്ഷാ സേനയെ അറിയിച്ചത്.
വലിയൊരു റോഡപകടത്തെ സൂചിപ്പിക്കുന്നതായി കാണിച്ച് തുടർച്ചയായി റിപ്പോർട്ടുകൾ ലഭിച്ചതോടെ സുരക്ഷാ സേന ഉടൻ സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാൽ, സ്ഥലത്തെത്തിയ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിലെ ട്രാഫിക് പട്രോളിംഗുകാരും അൽ-ഇസ്തിഖ്‌ലാൽ ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളും കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. റിപ്പോർട്ട് ശരിയാണ്, കാർ മരത്തിന് മുകളിലുണ്ട്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ കാർ താഴെയിറക്കാനുള്ള നടപടികൾ തുടങ്ങി.
വാഹനമിടിച്ചതിന്‍റെ സൂചനകളോ റോഡിലോ സമീപത്തെ മണ്ണിലോ ബ്രേക്ക് പാടുകളോ ഇല്ലെന്ന് ട്രാഫിക് അഗ്നിശമന ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. സൂക്ഷ്മ പരിശോധനയിൽ, വാഹനം മരത്തിൽ മനഃപൂർവം സ്ഥാപിച്ചതാണെന്ന് അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തി. പ്രാഥമിക അന്വേഷണങ്ങളിൽ ഒരു റമദാൻ സീരീസിന്‍റെ ചിത്രീകരണത്തിനായി വന്ന ടെലിവിഷൻ സംഘമാണ് ഈ കാർ ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിന്‍റെ ഭാഗമായി മരത്തിന് മുകളിൽ വെച്ചതെന്നും, സുരക്ഷാ അധികാരികളെയോ അഗ്നിശമന സേനയെയോ അറിയിക്കാതെ ഇവർ സ്ഥലം വിടുകയായിരുന്നുവെന്നും കണ്ടെത്തി. ഗുരുതരമായ ഈ സുരക്ഷാ വീഴ്ചയെ തുടർന്ന്, സീരീസിന്റെ നിർമ്മാതാക്കളെ സുരക്ഷാ വിഭാഗം ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഏത് നിമിഷവും താഴെ വീഴാൻ സാധ്യതയുണ്ടായിരുന്ന ഈ വാഹനം അഗ്നിശമന സേനാംഗങ്ങൾക്കും റോഡിലെ യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തിയത്.


