കുവൈത്തിലെ വാണിജ്യ നറുക്കെടുപ്പ് അഴിമതിക്കേസിൽ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചു. വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർക്ക് 10 വർഷം കഠിനതടവും 28 പേർക്ക് നാല് വർഷം തടവും വിധിച്ചു. 

കുവൈത്ത് സിറ്റി: രാജ്യം ഉറ്റുനോക്കിയ വാണിജ്യ നറുക്കെടുപ്പ് അഴിമതിക്കേസിൽ വിപ്ലവകരമായ വിധി പ്രസ്താവിച്ച് കുവൈത്ത് ക്രിമിനൽ കോടതി. വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർക്ക് 10 വർഷം കഠിനതടവും മറ്റ് 28 പേർക്ക് നാല് വർഷം തടവുമാണ് കോടതി വിധിച്ചത്. ജസ്റ്റിസ് നാസർ അൽ-ബദർ അധ്യക്ഷനായ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മന്ത്രാലയത്തിലെ 'ഫ്രീ ഓഫേഴ്‌സ്' വിഭാഗം മേധാവിയായ ഒന്നാം പ്രതിക്ക് 10 വർഷം തടവും, ഒപ്പം 30 ലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 80 കോടിയിലധികം രൂപ) പിഴയും വിധിച്ചു. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നറുക്കെടുപ്പുകളിൽ കൃത്രിമം കാണിച്ചതിനാണ് ഈ ശിക്ഷ.

Add Asianetnews as a Preferred SourcegooglePreferred

അഴിമതിയിൽ പങ്കാളികളായ മറ്റ് 18 പേർക്കും 10 വർഷം വീതം തടവ് ലഭിച്ചു. മറ്റ് 28 പേർക്ക് നാല് വർഷം തടവ് ശിക്ഷ ലഭിച്ചപ്പോൾ, കുറ്റം തെളിയാത്ത 36 പേരെ കോടതി വെറുതെ വിട്ടു. പൊതുജന വിശ്വാസത്തെ തകർക്കുന്ന അതിശക്തമായ അഴിമതിയാണിതെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ സംവിധാനങ്ങളെ വഞ്ചിച്ച് വ്യക്തിപരമായ നേട്ടത്തിനായി ഒന്നാം പ്രതി പ്രവർത്തിച്ചു. ഇത് നീതിക്കും തുല്യ അവസരങ്ങൾക്കും വിരുദ്ധമായ അപകടകരമായ കീഴ്‌വഴക്കമാണ്.

ഇത്തരം പ്രവൃത്തികൾ വാണിജ്യ നറുക്കെടുപ്പുകളുടെ വിശ്വാസ്യത തകർക്കുമെന്നും നിയന്ത്രണ സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്ന സമ്മാന പദ്ധതികളിലും നറുക്കെടുപ്പുകളിലും സുതാര്യത ഉറപ്പാക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഈ വിധി വരുന്നത്.