ആവശ്യമായ പരിശോധനകള്‍ നടത്തി ഈ വര്‍ഷം തന്നെ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം വിമാനത്താവളത്തിന് എല്ലാ അനുമതിയും നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് അനുഗ്രഹമായി കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം തന്നെ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാവും. കിയാലിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര-അന്താരാഷ്ട്ര സെക്ടറുകളിലായി 17 കമ്പനികളാണ് ഇതുവരെ കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ തയ്യാറായിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ആവശ്യമായ പരിശോധനകള്‍ നടത്തി ഈ വര്‍ഷം തന്നെ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം വിമാനത്താവളത്തിന് എല്ലാ അനുമതിയും നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 11 വിദേശ കമ്പനികളും 6 ഇന്ത്യന്‍ കമ്പനികളുമാണ് ഇതുവരെ സന്നദ്ധത അറിയിച്ചിരിക്കുന്നത്. എത്തിഹാദ്, ഫ്‍ളൈ ദുബായ്, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍,എമിറേറ്റ്സ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വെസ്, സൗദിയ, സില്‍ക്ക് എയര്‍ എന്നിവയാണ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ തുടങ്ങുക. ഇതോടൊപ്പം എയർ ഇന്ത്യക്കും എയർ ഇന്ത്യാ എക്സ്പ്രസിനും പുറമെ ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് , ഗോ എയർ എന്നിവയും കണ്ണൂരില്‍ നിന്ന് പറന്നുയരും.

 പാസഞ്ചർ ടെര്‍മിനലടക്കം മുഴുവൻ സംവിധാനങ്ങളും പൂർണസജ്ജമാണ്. ഈ വർഷം തന്നെ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. ഇതിന് പുറമെ കാർഗോ കോംപ്ലക്സ്, ഓഫീസ് സമുച്ചയ പൂർത്തീകരണമടക്കം 113 കോടിയുടെ പദ്ധതികൾ ഒന്നര വർഷത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. റൺവേ 3050ൽ നിന്നും 4000 മീറ്ററാക്കാനുള്ള പ്രവർത്തികളും നടക്കുകയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂർ വിമാനത്താവളം മാറും.