ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റ് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നടപടി. കോണ്‍സുലേറ്റിന്റെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം നല്‍കുന്ന കൊറോണ വൈറസ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ പ്രവാസി ഇന്ത്യക്കാരും പാലിക്കണമെന്ന് കോണ്‍സുലേറ്റ് അഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ ദുബായ് ആരോഗ്യ വകുപ്പിന്റെ 800342 എന്ന നമ്പറിലോ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ 042301000 എന്ന നമ്പറിലോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ബന്ധപ്പെടാം. ഫോണ്‍: 043971222, 043971333. കോണ്‍സുലേറ്റിന്റെ ട്വിറ്റര്‍, ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴിയും വിവരങ്ങള്‍ അറിയാം. 

നിര്‍ദേശങ്ങള്‍

  • ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, മൃഗ ചന്തകള്‍ സന്ദര്‍ശിക്കുന്നതും പാചകം ചെയ്യാത്ത മാംസം പോലുള്ള മൃഗ ഉത്പന്നങ്ങളും ഒഴിവാക്കുക.
  • ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായി അടുത്ത ബന്ധം പുലര്‍ത്തരുത്.
  • സോപ്പ് ഉപയോഗിച്ച് 20 സെക്കന്റുകളെങ്കിലും കൈകള്‍ ഇടയ്ക്കിടെ കഴുകുക.
  • സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യു ഉപയോഗിച്ച് മറച്ചുപിടിയ്ക്കുക.
  • രോഗലക്ഷണങ്ങളുണ്ടെങ്കില്‍ യാത്രകള്‍ ഒഴിവാക്കുക.