അബുദാബി: യുഎഇ ഇന്ത്യന്‍, പാകിസ്ഥാനി സ്കൂളുകളില്‍ പരീക്ഷകള്‍ നടത്തുന്നത് കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെ. ഒരു പരീക്ഷാ ഹാളില്‍ 15 വിദ്യാര്‍ത്ഥികള്‍ മാത്രമേ ഉണ്ടാകു. സ്കൂളില്‍ നിന്ന് ബസുകളോ മറ്റ് പൊതുഗതാഗത സംവിധാനമോ ഉണ്ടാകില്ല. പകരം രക്ഷിതാക്കള്‍ തന്നെ കുട്ടികളെ സ്കൂളില്‍ എത്തിക്കണം.

കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി സ്കൂളുകള്‍ക്ക് അവധി നല്‍കിയെങ്കിലും പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍, പാകിസ്ഥാനി സിലബസുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ അദ്ധ്യയന വര്‍ഷം മാര്‍ച്ച് എട്ടിന് അവസാനിക്കുമെന്നാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി വിദ്യാഭ്യാസ വകുപ്പ്, നോളജ് ആന്റ് ഹ്യൂമന്‍ വെലപ്‍മെന്റ് അതോരിറ്റി, ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതിരോറ്റി, ദുബായ് സര്‍ക്കാര്‍ എന്നിവര്‍ അറിയിച്ചിരിക്കുന്നത്. കേരള എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാ പരീക്ഷകളും ഇതിന് മുമ്പ് അവസാനിപ്പിക്കണമെന്നാണ് അധികൃതരുടെ അറിയിപ്പ്.

പരീക്ഷാ സമയങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്കൂളുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബോര്‍ഡ് പരീക്ഷകളില്ലാത്ത ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷകള്‍ നടന്നിട്ടില്ലെങ്കില്‍ കുട്ടികളുടെ നേരത്തെയുള്ള ഗ്രേഡുകളുടെ ശരാശരി കണക്കാക്കണം. ഇന്ത്യന്‍ സിലബസുകള്‍ പ്രകാരം അദ്ധ്യയനം നടത്തുന്ന സ്കൂളുകളിലെ ഒന്‍പത് വരെയുള്ള ക്ലാസുകളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലിബസുകളിലെ 11-ാം ക്ലാസിലും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇ-മെയില്‍ നിരന്തരം പരിശോധിക്കുകയും അപ്പപ്പോള്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍പ്രകാരം പ്രവര്‍ത്തിക്കുകയും വേണമെന്ന് അറിയിച്ചിട്ടുണ്ട്.

പരീക്ഷാഹാളുകള്‍, കുട്ടികള്‍ കയറുന്നതിന് മുമ്പും കുട്ടികള്‍ പരീക്ഷകഴിഞ്ഞിറങ്ങിയ ശേഷവും അണുവിമുക്തമാക്കണം. ഇതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. ഒരു ഹാളില്‍ 15 കുട്ടികളില്‍ താഴെയുള്ള സംഘങ്ങളായി വേണം പരീക്ഷ നടത്താന്‍. കുട്ടികള്‍ നേരിട്ട് പരസ്പരം ഇടപഴകാന്‍ അനുവദിക്കരുത്. പരീക്ഷകള്‍ പൂര്‍ത്തിയായ ശേഷം ഉടനെ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് അയക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്കൂള്‍ അധികൃതര്‍ കൈക്കൊള്ളണം. പരീക്ഷ നടക്കുന്ന സമയങ്ങളില്‍ ഡോക്ടറും നഴ്‍സും അടങ്ങുന്ന മെഡിക്കല്‍ സംഘം സ്കൂളിലുണ്ടാകണം. ഇവര്‍ ഓരോ വിദ്യാര്‍ത്ഥിയെയും നിരീക്ഷിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തണം. ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ അവരെ ഉടനെ വീട്ടിലേക്ക് അയക്കണമെന്നും അധികൃതര്‍ അറിയിച്ചു.