Asianet News MalayalamAsianet News Malayalam

കോവിഡ് വ്യാപനത്തിൽ ഇറാനും പങ്കെന്ന് സൗദി അറേബ്യ; പാസ്‍പോര്‍ട്ടില്‍ സീല്‍ ചെയ്യാത്തത് പ്രതിസന്ധി

ഇറാനിൽ പോകുന്നതിന് നേരത്തെ തന്നെ നിലവിലുള്ള വിലക്ക് മറികടക്കാൻ സൗദി പൗരന്മാർ ദേശീയ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ച് മറ്റ് ഗൾഫ് രാജ്യങ്ങളിൽ പോയശേഷം അവിടെ നിന്ന് ഇറാനിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഇറാനിലെത്തുന്ന സൗദി പൗരന്മാരുടെ പാസ്‌പോർട്ടുകളില്‍ എമിഗ്രേഷൻ മുദ്ര പതിക്കുന്നില്ല. 

coronavirus covid 19 saudi arabia accuses iran for not affixing stamps in the passports
Author
Riyadh Saudi Arabia, First Published Mar 7, 2020, 10:46 AM IST

റിയാദ്: സൗദി പൗരന്മാർ തങ്ങളുടെ രാജ്യത്ത് എത്തുന്നത് ഇറാൻ മറച്ചുവെക്കുകയാണെന്നും പാസ്പോർട്ടിൽ എമിഗ്രേഷൻ മുദ്ര പതിക്കുന്നില്ലെന്നും സൗദി അറേബ്യ. ഇത് കാരണം ഇറാനിൽ പോയി മടങ്ങിവന്നവർ സൗദി അതിർത്തി കവാടങ്ങളിൽ അക്കാര്യം മറച്ചുവെക്കാനും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാനും ശ്രമിക്കുന്നു. നിരുത്തരവാദപരമായ ഈ പ്രവൃത്തിയിലൂടെ മറ്റ് രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ഇറാൻ നേരിട്ട് പങ്ക് വഹിക്കുകയാണെന്നും സൗദി ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. 

സൗദിയില്‍ ഇതിനോടകം രോഗം സ്ഥിരീകരിച്ച അഞ്ചുപേർക്കും ഇറാനില്‍ നിന്നാണ് വൈറസ് ബാധിച്ചത്. ഇവർ ഇറാനിൽ പോയ ശേഷം ബഹ്‌റൈനും കുവൈത്തും വഴി സൗദിയിൽ തിരികെ പ്രവേശിക്കുകയായിരുന്നു. രാജ്യത്തേക്കുള്ള മടക്കയാത്രയില്‍ തങ്ങള്‍ ഇറാന്‍ സന്ദർശിച്ച കാര്യം അതിർത്തി പ്രവേശന കവാടങ്ങളില്‍ ഇവർ വെളിപ്പെടുത്തിയിരുന്നില്ല. ഇറാനിൽ പോകുന്നതിന് നേരത്തെ തന്നെ നിലവിലുള്ള വിലക്ക് മറികടക്കാൻ സൗദി പൗരന്മാർ ദേശീയ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ച് മറ്റ് ഗൾഫ് രാജ്യങ്ങളിൽ പോയശേഷം അവിടെ നിന്ന് ഇറാനിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഇറാനിലെത്തുന്ന സൗദി പൗരന്മാരുടെ പാസ്‌പോർട്ടുകളില്‍ എമിഗ്രേഷൻ മുദ്ര പതിക്കുന്നില്ല. ഇതാണ് തങ്ങൾ ഇറാനിൽ പോയി എന്ന സത്യം മറച്ചുവെക്കാൻ സൗദി പൗരന്മാർക്ക് സഹായകമാകുന്നത്. 

ഇറാനിൽ പോയിവരികയാണെന്ന് ആദ്യമേ അറിഞ്ഞാൽ അതനുസരിച്ചുള്ള പരിശോധനയും ചികിത്സയും നടത്താനാവും. എന്നാൽ സമയത്ത് അത് അറിയാതിരിക്കുകയും വഷളാവുന്ന സ്ഥിതിയിൽ മാത്രം രോഗം വെളിപ്പെടുകയും ചെയ്യുന്നത് ഫലപ്രദമായ ചികിത്സയ്ക്കും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ദോഷകരമായി മാറുകയാണ്. ഇതിന് കാരണം ഇറാന്റെ ഈ അലംഭാവമാണ്. രാജ്യത്ത് വന്നവരുടെ പാസ്പോർട്ടുകളിൽ എമിഗ്രേഷൻ സീൽ പതിച്ചിരുന്നെങ്കിൽ പൗരന്മാർക്ക് അത് മറച്ചുവെക്കാൻ കഴിയുമായിരുന്നില്ല. യഥാസമയം തന്നെ അത് മനസിലാക്കി അതിനനുസരിച്ച് ഉചിതമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമായിരുന്നു. അതിന് തടസ്സം സൃഷ്ടിക്കുകയാണ് ഇറാൻ. അതുകൊണ്ട് തന്നെ ലോകത്ത് കോവിഡ് വ്യാപനത്തില്‍ ഇറാന് നേരിട്ട് ഉത്തരവാദിത്തമുണ്ട്. 

നിരുത്തവാദപരമായ ഈ പ്രവൃത്തി ആഗോള തലത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയാണ്. കൊറോണ വൈറസ് നിർമാർജനത്തിന് ആഗോള സമൂഹം നടത്തുന്ന ശ്രമങ്ങൾക്ക് ഈ ചെയ്‍തി തുരങ്കം വെക്കുകയാണ്. അടുത്തകാലത്ത് ഇറാന്‍ സന്ദർശി‍ച്ച സൗദി പൗരന്മാര്‍ ഉടന്‍ ഇക്കാര്യം സ്വമേധയാ വെളിപ്പെടുത്തുകയും രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അറിയുന്നതിന് 937 എന്ന നമ്പറില്‍ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും വേണമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. നിലവില്‍ ഇറാനിലുള്ള സൗദി പൗരന്മാര്‍ രാജ്യത്ത് തിരിച്ചെത്തിയാലുടന്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകൾക്ക് മുന്നില്‍ വെളിപ്പെടുത്തണം. 

ഇറാന്‍ സന്ദർശിച്ച കാര്യം 48 മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകൾക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിന് സ്വമേധയാ മുന്നോട്ടുവരുന്നവരെ പാസ്‌പോർട്ട് നിയമപ്രകാരമുള്ള ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios