Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ്: യുഎഇയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഒരു മാസം അവധി പ്രഖ്യാപിച്ചു

സ്കൂളുകൾക്ക് അവധികാലം നേരത്തെ പ്രഖ്യാപിച്ചതായി സ്റ്റേറ്റ് വാർത്താ ഏജൻസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. സാധാരണ മാർച്ച് 15നാണ് അവധികാലം ആരംഭിക്കാറുള്ളത്. എന്നാൽ, കൊറോണ വൈറസ് ഭീതി പരത്തുന്ന പശ്ചാത്തലത്തിൽ ഇത് നേരത്തെ ആക്കുകയായിരുന്നുവെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു. 

Coronavirus UAE reports six new cases holiday announced for schools and colleges
Author
Abu Dhabi - United Arab Emirates, First Published Mar 4, 2020, 11:35 AM IST

അബുദാബി: യുഎഇയിൽ പുതുതായി ആറു പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 27 ആയി. അതിവേ​ഗത്തിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയിലാണ് രാജ്യം. ഇതിനോടനുബന്ധിച്ച് യുഎഇയിലെ സ്കൂളുകൾക്കും കോളേജുകൾക്കും വിദ്യാഭ്യാസ മന്ത്രാലയം ഒരു മാസം അവധി പ്രഖ്യാപിച്ചു. മാർച്ച് എട്ടുമുതലാണ് അവധി ആരംഭിക്കുക.

സ്കൂളുകൾക്ക് അവധികാലം നേരത്തെ പ്രഖ്യാപിച്ചതായി സ്റ്റേറ്റ് വാർത്താ ഏജൻസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. സാധാരണ മാർച്ച് 15നാണ് അവധികാലം ആരംഭിക്കാറുള്ളത്. എന്നാൽ, കൊറോണ വൈറസ് ഭീതി പരത്തുന്ന പശ്ചാത്തലത്തിൽ ഇത് നേരത്തെ ആക്കുകയായിരുന്നുവെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു. ഈ സമയത്ത് വിദ്യാർത്ഥികൾക്ക് വിദൂര പഠന സംരംഭത്തിലൂടെ ക്ലാസുകളിൽ പങ്കെടുക്കാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് പുതിയ ആറ് കൊറോണ വൈറസ് കേസുകൾകൂടി കണ്ടെത്തിയതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചത്. രണ്ട് റഷ്യൻ പൗരൻമാക്കും രണ്ട് ഇറ്റാലിയൻ പൗരൻമാർക്കും ജർമ്മനിയിൽനിന്നും കൊളംബിയയിൽനിന്നുള്ള ഓരോരുത്തർക്കും വീതമാണ് കൊറോണ വൈറസ് കണ്ടെത്തിയത്. അന്താരാഷ്ട്ര സൈക്ലിങ് മത്സരമായ യുഎഇ സൈക്ലിങ് ടൂർ സംഘത്തിലുള്ളവരാണിവർ. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ എല്ലാ പരിചരണവും നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ കൊറോണ കണ്ടെത്തിയ അഞ്ച് പേർ പൂര്‍ണമായി സുഖം പ്രാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

യുഎഇയില്‍ കോവിഡ്-19 വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും മുൻകരുതലുകളും യുഎഇ മന്ത്രിസഭ അവലോകനം ചെയ്തിരുന്നു. രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ  സാധാരണ നിലയിൽ തുടരുമെന്ന് മന്ത്രിസഭ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios