റിയാദ്: ഇന്ത്യ വിദേശ വ്യാപാരനയത്തിൽ മാറ്റം വരുത്തിയതിന്‍റെ ദോഷഫലം പ്രവാസികൾക്ക്. പാഴ്സൽ അയക്കുമ്പോൾ 5,000 രൂപക്ക് വരെ അനുവദിച്ചിരുന്ന കസ്റ്റംസ് തീരുവ ഇളവ് എടുത്തുകളഞ്ഞത് ഈ മാസം 12 മുതൽ നടപ്പായി. ഇതിന്‍റെ തിക്തഫലം കാർഗോ അയക്കുന്ന സാധാരണക്കാരായ പ്രവാസികളെയും ബാധിച്ചു തുടങ്ങി. 

ലോകത്ത് എവിടെ നിന്നായാലും ഇന്ത്യയിലേക്ക് കാർഗോ അയക്കുമ്പോൾ ഇനി ഒരുവിധ നികുതിയിളവും ലഭ്യക്കില്ല. 5,000 രൂപ വരെയുള്ള സാധനങ്ങൾ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാൻ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷൻ എടുത്തുകളഞ്ഞാണ് കേന്ദ്രസർക്കാർ വിദേശ വ്യാപാര നയം ഭേദഗതി ചെയ്തത്. 

അയക്കുന്ന സാധനങ്ങളുടെ വില എത്രയായാലും അതിന്‍റെ 42 ശതമാനം ഇനി നികുതിയായി നൽകണം. ജിഎസ്ടി അടക്കമുള്ള നികുതിയാണിത്. ഇന്ത്യൻ വിദേശവ്യാപാര ഡയറക്ടർ ജനറൽ അമിത് യാദവ് പുറപ്പെടുവിച്ച ഉത്തരവാണ് ഈ മാസം 12 മുതൽ നടപ്പായത്. 

വിദേശത്ത് നിന്നെത്തുന്ന എത്ര രൂപയുടെയും കാർഗോ പാഴ്സലുകൾക്ക് 42 ശതമാനം നികുതി ഈടാക്കി തുടങ്ങി. നികുതിയിളവ് ജീവൻരക്ഷാ മരുന്നുകൾക്ക് മാത്രമായി ചുരുങ്ങി. വിദേശ ഇന്ത്യാക്കാർക്ക് തങ്ങളുടെ ഉറ്റവർക്ക് സമ്മാനങ്ങൾ അയക്കാനാണ് പാഴ്സലിന് 5,000 രൂപ വരെ സൗജന്യം അനുവദിച്ചിരുന്നത്. 

1993ലായിരുന്നു ഇത്തരത്തിലൊരു ഇളവ് ആദ്യം നടപ്പാക്കിയത്. 1998ൽ പരിധി 10,000 രൂപയായും 2016ൽ 20,000 രൂപയായും ഉയർത്തി. എന്നാൽ ഇക്കഴിഞ്ഞ ബജറ്റിൽ ഇത് വീണ്ടും 5000 രൂപ വരെയാക്കി താഴ്ത്തി. അതിപ്പോൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്തു. 

ഇ കോമേഴ്സ് കമ്പനികളിൽ ചിലത് ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ നിയമം ചൂഷണം ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വൻ നികുതി വെട്ടിപ്പാണ് ഈ കമ്പനികൾ നടത്തുന്നതെന്നും കണ്ടെത്തി. ഇവരെ തടയാൻ ഇളവ് എടുത്തുകളഞ്ഞപ്പോൾ ബന്ധുക്കൾക്ക് സമ്മാനങ്ങളും അവശ്യ വസ്തുക്കളും പാഴ്സൽ അയക്കുന്ന സാധാരണക്കാരായ പ്രവാസികൾക്കും അത് തിരിച്ചടിയായി. 

സാധാരണഗതിയിൽ വിമാനത്തിൽ നിശ്ചിത കിലോവരെ ബാഗേജ് മാത്രമേ കൊണ്ടുപോകാനാകൂ. ബാക്കി വരുന്ന സാധനങ്ങൾ അവർ കാർഗോ അയക്കുകയാണ് പതിവ്. നിയമം മാറിയതോടെ കാർഗോ അയക്കൽ കീശക്ക് താങ്ങാനാവാത്തതാവും. കാർഗോ ചാർജ് ഉയരം. ഗൾഫ് നാടുകളിലെ കാർഗോ വ്യാപാര മേഖലയെ രൂക്ഷമായ പ്രതിസന്ധിയിലാക്കും. ഇന്ത്യയിലും വിദേശത്തുമായി രണ്ട് ലക്ഷത്തോളം പേർ കാഗോ രംഗത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ഇവരിൽ കൂടുതലും മലയാളികളാണ്.