കുവൈത്തിൽ പത്തു വർഷത്തോളം ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റിയ സിവിൽ സർവീസ് ഉദ്യോഗസ്ഥയ്ക്ക് കോടതി അഞ്ചു വർഷം കഠിനതടവും പിഴയും വിധിച്ചു. പൊതുമുതൽ ദുരുപയോഗം ചെയ്ത കേസിൽ, ഏകദേശം 1,10,000 ദിനാർ നിയമവിരുദ്ധമായി കൈപ്പറ്റിയതിനാണ് ശിക്ഷ. കഠിനതടവിന് പുറമെ 3,30,000 ദിനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

കുവൈത്ത് സിറ്റി: പൊതുമുതൽ ദുരുപയോഗം ചെയ്ത കേസിൽ കുവൈത്തിലെ സിവിൽ സർവീസ് മേഖലയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥയ്ക്ക് കോടതി കഠിനതടവും വൻതുക പിഴയും ശിക്ഷ വിധിച്ചു. പത്തു വർഷത്തോളം ജോലിക്ക് ഹാജരാകാതെ നിയമവിരുദ്ധമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന കുറ്റത്തിനാണ് കോടതി ഇവർക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ നൽകിയത്. കീഴ്‍ക്കോടതികൾ നൽകിയ ശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്റെ പേര് പേറോൾ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന സാഹചര്യം മുതലെടുത്താണ് പ്രതി ഈ സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഒരു പതിറ്റാണ്ടോളം ജോലിക്ക് എത്താതെ തന്നെ ഏകദേശം 1,10,000 കുവൈറ്റ് ദിനാർ ഇവർ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്ന് കേസ് ഡയറി വ്യക്തമാക്കുന്നു. പൊതുമുതൽ അപഹരിച്ച കേസിൽ പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജോലി ചെയ്യാതെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് വഴി രാജ്യത്തിന്റെ പൊതുഖജനാവിന് വൻ നഷ്ടമാണ് പ്രതി വരുത്തിയിരിക്കുന്നതെന്ന് വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു. അഞ്ചു വർഷത്തെ കഠിനതടവിനൊപ്പം തന്നെ 3,30,000 കുവൈത്ത് ദിനാർ പിഴയൊടുക്കാനും പ്രതിയോട് കോടതി ഉത്തരവിട്ടു. സർക്കാർ സംവിധാനങ്ങളെ വഞ്ചിച്ചു കൊണ്ടുള്ള ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി തുടരുമെന്ന സൂചനയാണ് ഈ വിധി നൽകുന്നത്.