കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന 54 വയസ്സുള്ള ഇന്ത്യക്കാരനും 53വയസ്സുള്ള കുവൈത്തിയും ആണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 22 ആയി. ഇതില്‍ 7 പേര്‍ ഇന്ത്യക്കാരാണ്. 61 ഇന്ത്യക്കാരുള്‍പ്പെടെ 213 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 3288 ആയി. 

കുവൈത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രോഗം ഭേദമായി ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രി വിട്ടുകയും ചെയ്ത ദിവസമായിരുന്നു തിങ്കളാഴ്ച 206 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ കുവൈത്തില്‍ രോഗം ദേതമായ വരുടെ ആകെ എണ്ണം 1012 ആയി.  പുതിയ രോഗികളില്‍ 61 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1618 ആയി. നിലവില്‍ 2254 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 64 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വ്യക്തമാക്കി. 

ഒമാനില്‍ ഇന്ന് 51 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 37 പേര്‍ ഒമാന്‍ സ്വദേശികളാണ്. 14 പേര്‍ വിദേശികള്‍. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2049ലെത്തിയെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 364 പേര്‍ രോഗമുക്തമായി.