തിരുവനന്തപുരം: കൊവിഡ് ഭീഷണി മൂലം പ്രവാസി മലയാളികളിൽ അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള സാമ്പത്തിക മാന്ദ്യവും നിതാഖാത്തും മൂലം നിരവധി പ്രവാസികൾ നാട്ടിലേക്ക് പലകാലങ്ങളായി തിരിച്ചെത്തിയിരുന്നു. പക്ഷെ അതിലും വലുതായിരിക്കും കൊവിഡ് ഭീഷണി ഉണ്ടാക്കുന്ന പ്രതിസന്ധിയെന്നാണ് വിലയിരുത്തൽ. ആകെ തകിടം മറിയുന്ന സമ്പദ് വ്യവസ്ഥക്ക് പുറമെ ഇവരുടെ പുനരധിവാസവും സംസ്ഥാന സർക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളിയാകും.

25 ലക്ഷം പ്രവാസി മലയാളികളിൽ 90 ശതമാനവും ജോലി ചെയ്യുന്ന ഗൾഫ് മേഖലയുടെ തകർച്ചയാണ് കേരളത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് വിലയിരുത്തൽ. ഗൾഫ് മേഖലയിലെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുകയാണ്. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച് പിടിച്ചുനിൽക്കാനാണ് മറ്റുളളവയെല്ലാം ശ്രമിക്കുന്നത്. 

സമ്പദ് വ്യവസ്ഥയുടെ 30 ശതമാനത്തിന് മുകളിൽ വിദേശ നാണ്യത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതു കൊണ്ടു തന്നെ നാടിന്‍റെ നട്ടെല്ലായ വിദേശവരുമാനത്തിൽ ഉണ്ടാകുന്ന കോടികളുടെ കുറവ്  സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി ഏറെ  മോശമാക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. തിരിച്ചെത്തുന്നവർക്ക് പലിശരഹിത വായ്പയോ പെൻഷനോ ആവശ്യമാണ് , അല്ലെങ്കിൽ പുതിയ ജോലിസാധ്യത കണ്ടെത്തി നൽകണം. നിലവിൽ കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന സംസ്ഥാനം എന്ത് ചെയ്യുമെന്നുളളതാണ് ചോദ്യം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക