മസ്‌കറ്റ്‌: കൊവിഡ് 19 സാമൂഹ്യവ്യാപനം ശക്തമായ ഒമാനിലെ 'മത്രാ' പ്രവിശ്യയിലെ പ്രവാസി മലയാളികള്‍ ആശങ്കയുടെ മുള്‍മുനയില്‍. മലയാളികള്‍  തിങ്ങിപ്പാര്‍ക്കുന്ന മത്രാ പ്രവിശ്യയില്‍ നിന്നുമാണ് കൂടുതല്‍ വൈറസ് ബാധ ഓരോ ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എത്രയും പെട്ടന്ന് തങ്ങളെ നാട്ടിലേക്ക് എത്തിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

അതേസമയം കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍ മസ്‌കറ്റ് ഗവര്‍ണറേറ്റ് പൂര്‍ണമായും അടച്ചിടാന്‍ സുപ്രിം കമ്മറ്റി, ഒമാന്‍ സായുധസേനക്കും റോയല്‍ ഒമാന്‍ പൊലിസിനും നിര്‍ദേശം നല്‍കി. ഏപ്രില്‍ 10 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ഏപ്രില്‍ 22 ബുധനാഴ്ച വരെയാണ് അടച്ചിടുക.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും സുപ്രിം കമ്മറ്റിയുടെ  നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. മസ്‌കറ്റ് ഗവര്ണറേറ്റില്‍ മത്ര, ബൗഷര്‍, അമറാത്ത്, സീബ്, മസ്‌കറ്റ് ( പഴയ ) ഖുറിയാത്ത് എന്നി ആറ് പ്രവിശ്യകളാണുള്ളത്.