ദുബായ്: കൊവിഡ് ഭീതിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും. അതേസമയം വിമാനകമ്പനികള്‍ വഴി കിറ്റുകള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനം പ്രായോഗികമാണോയെന്ന സംശയവും പ്രവാസി സംഘടനകൾക്കുണ്ട്.

നിലവില്‍ യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി മടങ്ങുന്ന പ്രവാസികള്‍ക്ക് യുഎഇ സര്‍ക്കാര്‍ റാപിഡ് പരിശോധന നടകത്തുന്നുണ്ട്. ഖത്തറില്‍ ഇഹ്തെറാസ് മൊബൈല്‍ ആപ്പിനെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നത്. 

ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ചയാണെങ്കില്‍ പ്രവാസികള്‍ക്ക് കേരളത്തിലേക്ക് വിമാനയാത്രക്ക് അനുമതി ലഭിക്കും.ഇഹ്‌തെറാസില്‍ ചാര നിറം രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയമുള്ളവരേയും മഞ്ഞ നിറം ക്വാറന്റീനില്‍ കഴിയുന്നവരേയും ചുമപ്പ് രോഗം സ്ഥിരീകരിച്ചവരേയുമാണ് സൂചിപ്പിക്കുന്നത്. 

സൗദി, കുവൈത്ത്, ബഹറൈന്‍, ഒമാന്‍ തുടങ്ങിയ നാലു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്നവര്‍ക്കാണ് നിലവില്‍ പരിശോധനാ സംവിധാനമില്ലാത്തത്. പുതിയ സര്‍ക്കാര്‍ തീരുമാനം ഇവിടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകും.

ഒരു പിപിഇ കിറ്റിന് രണ്ടായിരം രൂപയില്‍ താഴെയാണ് ഗള്‍ഫിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഈടാക്കുന്നത്. നിലവില്‍ പിപിഇ കിറ്റു ലഭിക്കുന്നതിന് പ്രയാസവുമില്ല. അതേസമയം കിറ്റുകള്‍ വിമാനകമ്പനികള്‍ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പ്രായോഗികമാണോയെന്ന സംശയും പ്രവാസി സംഘടനകള്‍ക്കുണ്ട്.

സര്‍ക്കാര്‍ തീരുമാനപ്രകാരം ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനകമ്പനികള്‍ ഇനിമുതല്‍ യാത്രക്കാരോട് പിപിഇ കിറ്റിനുള്ള തുക കൂടി ഈടാക്കും. ഗള്‍ഫില്‍ മലയാളി മരണം 260 കടക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 70 ശതമാനം പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം കാത്തിരിക്കുന്നത്.