Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൊവിഡ് വാക്സിനേഷന്‍ തുടങ്ങി; ആദ്യ വാക്സിന്‍ സ്വീകരിച്ചവരില്‍ ആരോഗ്യ മന്ത്രിയും

രാജ്യത്തുള്ള മുഴുവന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല.

Covid 19 vaccination begins in Saudi and health minister takes jab
Author
Riyadh Saudi Arabia, First Published Dec 17, 2020, 2:56 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, ഒരു സ്വദേശി പുരുഷന്‍, ഒരു സ്വദേശി സ്ത്രീ എന്നിവരാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. 

ഈ പ്രതിസന്ധി കാലഘട്ടം അവസാനിക്കുന്നതിന്റെ തുടക്കമാണിന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെയും കൃത്യമായ ഇടപെടലുകളുടെ ഫലമായാണ് കൊവിഡ് വാക്‌സിന്‍ ലോകത്ത് ആദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയ്ക്ക് മാറാന്‍ സാധിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തുള്ള മുഴുവന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഏതാനും മാസങ്ങള്‍ നീണ്ടു നില്‍ക്കും.

ആരോഗ്യ മന്ത്രാലയത്തിന്റെ 'സിഹ്വതീ' എന്ന മൊബൈല്‍ ആപ്ലികേഷന്‍ വഴിയാണ് വാക്സിന്‍ എടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിന്‍ പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മൂന്നു ഘട്ടങ്ങളായാണ് വാക്സിന്‍ നല്‍കുക. 65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. രോഗസാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കും.

കൂടാതെ ഹൃദ്രോഗം, പ്രമേഹം, പക്ഷഘാതം ഉണ്ടായവര്‍, വൃക്ക രോഗം തുടങ്ങിയ ഏതെങ്കിലും രണ്ടോ അതിലധികമോ രോഗമുള്ളവര്‍ക്കും ഒന്നാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. 50 വയസിനു മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം, നേരത്തെ സ്‌ട്രോക്ക് വന്നവര്‍ എന്നിവരെയും രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ എടുക്കാന്‍ താല്പര്യമുള്ള എല്ലാ വിദേശികളെയും സ്വദേശികളെയും പരിഗണിക്കും.

Follow Us:
Download App:
  • android
  • ios