റിയാദ്: സൗദി അറേബ്യയിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന കൊവിഡ് കേസുകൾക്ക് പുറമെ മരണ നിരക്കും കുറഞ്ഞുതുടങ്ങി. ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 19 പേരാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 20നും 30നും ഇടയിലായിരുന്നു പ്രതിദിന മരണസംഖ്യ. 

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5087 ആയി. 1.5 ശതമാനമാണ് മരണനിരക്ക്. 474 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 500 പേർ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 340,089 പോസിറ്റീവ് കേസുകളിൽ 3,26,339 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനമായി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8663 പേരാണ്. അതിൽ 839 പേരുടെ നില ഗുരുതരമാണ്. 

റിയാദ് 1, ജിദ്ദ 2, മക്ക 3, ഹുഫൂഫ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, തബൂക്ക് 1, ജീസാൻ 1, ബീഷ 1, അറാർ 1, സബ്യ 1, സാംത 1, അൽമദ്ദ 1 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 59. മദീന 58, യാംബു 37, ഹുഫൂഫ് 29, റിയാദ് 29, ഹാഇൽ 25, ദമ്മാം 20, നജ്റാൻ 12, മുബറസ് 11, മഖ്വ 11, ജീസാൻ 11, അറാർ 11, അബഹ 8, നാരിയ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ചൊവ്വാഴ്ച നടത്തിയ 49,495 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 71,09,978 ആയി.