ദുബൈ: ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തില്‍ കൊവിഡ് മഹാമാരി പുതിയ വാതിലുകള്‍ തുറന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയതായിരുന്നു മന്ത്രി. യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

യുഎഇയും ഇന്ത്യയും തമ്മില്‍ ഇനിയും പല മേഖലകളിലും പരസ്പരം സഹകരിക്കാനുണ്ടെന്ന് മന്ത്രി ജയശങ്കര്‍ പറഞ്ഞു. യുഎഇയിലെത്തിയ മന്ത്രി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 10-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ധന മേഖലയില്‍ ഇന്ത്യ ഉപഭോക്താക്കളും അറബ് രാജ്യങ്ങള്‍ ഇന്ധന വിതരണക്കാരുമായിരുന്നു. എന്നാല്‍ ഇന്ന് പരസ്പര സഹകരണം എന്ന നിലയിലേക്ക് ഇത് മാറിയിട്ടുണ്ട്. കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യസുരക്ഷാ, സാങ്കേതിക മേഖലകളിലും കൂടുതല്‍ സഹകരണം നടത്താമെന്ന് തെളിഞ്ഞതായി മന്ത്രി പറഞ്ഞു.

തീവ്രവാദ ഭീഷണി പോലുള്ള വിഷയങ്ങളില്‍ സഹകരിച്ചിരുന്ന ഇരുരാജ്യങ്ങളും ഇപ്പോള്‍ ഭക്ഷ്യ, സാമ്പത്തിക, ആരോഗ്യ സുരക്ഷാ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിച്ചു. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാങ്കേതികമായി ഏറെ മുമ്പിലുള്ള യുഎഇ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മികച്ച സുരക്ഷ നല്‍കുന്ന യുഎഇയുടെ നയങ്ങള്‍ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഎഇ-ഇസ്രായേല്‍ കരാര്‍ ലോകത്ത് മുഴുവന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പുതിയ സാമ്പത്തിക സമവാക്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ ജനതയെ പിന്തുണയ്ക്കണമെന്നും പലസ്തീനും ഇസ്രായേലും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം അമേരിക്കയിലെ ഭരണമാറ്റം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കില്ലെന്നും 20 വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണെന്നും മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. 

( ചിത്രം-യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഡോ എസ് ജയങ്കര്‍ ചര്‍ച്ച നടത്തുന്നു)