വാഹനത്തില്‍ താനും ഒപ്പമുണ്ടായിരുന്നെന്നും അല്‍ റവ്ദ ബ്രിഡ്ജ് എത്തിയപ്പോള്‍ 'ഗുഡ് ബൈ' പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഭര്‍ത്താവ്, മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ ശേഷം താഴേക്ക് ചാടുകയായിരുന്നെന്ന് ഭാര്യ വിശദമാക്കി. 

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ കൊവിഡ് ബാധിതനായ ഏഷ്യക്കാരന്‍ ഭാര്യയുടെ കണ്‍മുമ്പില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 42കാരനാണ് അജ്മാനിലെ അല്‍ റവ്ദ ബ്രിഡ്ജില്‍ നിന്ന് ചാടി മരിച്ചത്. വ്യാഴാഴ്ചയാണ് അജ്മാന്‍ പൊലീസ് ഈ വിവരം സ്ഥിരീകരിച്ചത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. ദൃക്‌സാക്ഷികളാണ് ഈ വിവരം അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചതെന്ന് ഹമീദിയ പൊലീസ് സ്റ്റേഷന്‍ മേധാവി ലഫ്. കേണല്‍ യഹ്യ ഖലാഫ് അല്‍ മത്രൂഷി പറഞ്ഞു. 

ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ചോദ്യം ചെയ്യലിനിടെ ഭാര്യ പൊലീസിനോട് പറഞ്ഞു. ഇയാള്‍ ക്വാറന്റീന്‍ റിസ്റ്റ്ബാന്‍ഡ് ധരിച്ചിട്ടുമുണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, കൊവിഡും ക്വാറന്‍റീനും കാരണം ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. വാഹനത്തില്‍ താനും ഒപ്പമുണ്ടായിരുന്നെന്നും അല്‍ റവ്ദ ബ്രിഡ്ജ് എത്തിയപ്പോള്‍ 'ഗുഡ് ബൈ' പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഭര്‍ത്താവ്, മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ ശേഷം താഴേക്ക് ചാടുകയായിരുന്നെന്ന് ഭാര്യ വിശദമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona